02/09/2026
[fontresizer_tawhidurrahmandear_widget]

‘കേന്ദ്രം വാഗ്ദാനങ്ങൾ പാലിച്ചില്ല’: വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് സിജെപി; സെപ്റ്റംബര്‍ 5ന് ഡല്‍ഹി പൊലീസ് അസ്ഥാനത്തേക്ക് മാര്‍ച്ച്

 ‘കേന്ദ്രം വാഗ്ദാനങ്ങൾ പാലിച്ചില്ല’: വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് സിജെപി; സെപ്റ്റംബര്‍ 5ന് ഡല്‍ഹി പൊലീസ് അസ്ഥാനത്തേക്ക് മാര്‍ച്ച്

ന്യൂഡൽഹി: ജന്തർ മന്തർ സമരവുമായി ബന്ധപ്പെട്ട് ജൂലൈ 25-ന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതിനെ തുടർന്ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കോക്രോച്ച് ജനത പാർട്ടി. സെപ്റ്റംബർ 5-ന് സമാധാനപരമായ രീതിയിലാണ് സമരം സംഘടിപ്പിക്കുന്നതെന്ന് സിജെപി വാർത്താക്കുറിപ്പിൽ അറിയിച്ചു. അന്ന് ഇന്ത്യാ ഗേറ്റിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ സമരം ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് നീങ്ങും.

നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെയും, പൊലീസ് ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥികളുടെയും കുടുംബങ്ങളും വിവിധ യുവജന സംഘടനകളും ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കാളികളാകുമെന്നാണ് കരുതപ്പെടുന്നത്.

സമരം പുനരാരംഭിക്കാനുള്ള തീരുമാനം സിജെപി ദേശീയ വർക്കിങ് കമ്മിറ്റി യോഗത്തിലാണ് കൈക്കൊണ്ടത്. രാജ്യത്തെ യുവാക്കൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ കേന്ദ്ര സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും എത്രത്തോളം നടപടികൾ സ്വീകരിച്ചു എന്ന് വിലയിരുത്തിയ ശേഷമായിരുന്നു തീരുമാനം.

വാഗ്ദാനങ്ങൾ നൽകി ഒരു മാസം പിന്നിട്ടിട്ടും സർക്കാർ വാക്ക് പാലിക്കാൻ തയാറാകാത്തതിൽ ശക്തമായ ആശങ്കയുണ്ടെന്ന് സിജെപി വ്യക്തമാക്കി. നടപടികൾ വേഗത്തിലാക്കുന്നതിന് പകരം വൈകിപ്പിക്കുകയാണ് സർക്കാർ. രാജ്യത്താകമാനം വിദ്യാർഥി പ്രക്ഷോഭത്തിനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളുടെ പട്ടിക ഓഗസ്റ്റ് 18-ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്ര സർക്കാരിന്റെ പക്കൽ കൃത്യമായ ഉത്തരം ഉണ്ടായിരുന്നില്ല. സിജെപിക്ക് എഴുതി നൽകിയ വാക്കുകൾ പാലിക്കാനും സർക്കാർ തയാറായിട്ടില്ലെന്ന് പാർട്ടി ആരോപിച്ചു.

സർക്കാർ വാഗ്ദാനങ്ങൾ അനന്തമായി വൈകിപ്പിക്കുന്ന സാഹചര്യത്തിൽ സമാധാനപരവും ജനാധിപത്യപരവുമായ പ്രതിഷേധത്തിലേക്ക് തിരികെ വരികയല്ലാതെ യുവാക്കൾക്ക് മറ്റു മാർഗ്ഗങ്ങളില്ലെന്ന് വർക്കിങ് കമ്മിറ്റി വ്യക്തമാക്കി. തങ്ങളുടെ ക്ഷമയെ ദൗർബല്യമായി കണക്കാക്കരുതെന്നും, സർക്കാരിൽ അർപ്പിച്ച വിശ്വാസത്തെ രാജ്യത്തെ യുവാക്കളെ വഞ്ചിക്കാനുള്ള അവസരമാക്കി മാറ്റാൻ അനുവദിക്കില്ലെന്നും സിജെപി മുന്നറിയിപ്പ് നൽകി.

Also read: