നരേന്ദ്ര മോദിക്കും രാഹുലിനും തൊട്ടുപിന്നിൽ വിജയ്; പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യനായി ടി.വി.കെ തലവനും
ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ് രാജ്യത്തെ പ്രമുഖ പ്രധാനമന്ത്രി സ്ഥാനാർത്ഥികളിൽ ഒരാളായി ഉയർന്നുവരുമെന്ന് ഇന്ത്യാ ടുഡേ-സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേ ഫലം. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർക്ക് തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്താണ് വിജയ് ഇടംനേടിയിരിക്കുന്നത്. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയ്യെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്ന് ടിവികെയിലെ ചില നേതാക്കൾ ഇതിനകം അഭിപ്രായപ്പെട്ടിരുന്നു.
തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന് ഏതാനും മാസങ്ങൾ മാത്രം പിന്നിടുമ്പോൾ തന്നെ ദേശീയ രാഷ്ട്രീയത്തിൽ ഇത്തരമൊരു മുൻനിരയിലേക്ക് വിജയ് എത്തുന്നത് രാഷ്ട്രീയ നിരീക്ഷകരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. 2024ൽ രാഷ്ട്രീയ പ്രവേശനം നടത്തിയ വിജയ്, രാജ്യത്തെ അടുത്ത പ്രധാനമന്ത്രിക്കായി ജനങ്ങൾ ഏറ്റവുമധികം ആഗ്രഹിക്കുന്ന മൂന്നാമത്തെ വ്യക്തിയായി മാറിയെന്നാണ് സർവേ ചൂണ്ടിക്കാണിക്കുന്നത്.
സർവേയിൽ പങ്കെടുത്തവരിൽ 9.2 ശതമാനം പേരും അടുത്ത പ്രധാനമന്ത്രിയായി വിജയ്യെ പിന്തുണച്ചു. 48.7 ശതമാനം വോട്ടോടെ നരേന്ദ്ര മോദിയാണ് ഒന്നാം സ്ഥാനത്ത്. 27.1 ശതമാനം വോട്ടുനേടി രാഹുൽ ഗാന്ധി രണ്ടാമതുണ്ട്. മമത ബാനർജി (2%), അഖിലേഷ് യാദവ് (1.7%), അരവിന്ദ് കെജ്രിവാൾ (1.2%) തുടങ്ങിയ പ്രമുഖ നേതാക്കളെയാണ് വിജയ് പിന്നിലാക്കിയത്. പ്രതിപക്ഷ മുന്നണിയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ നേതാവ് ആരെന്ന് ചോദിച്ചപ്പോഴും വിജയ് മികച്ച മുന്നേറ്റം നടത്തി. 12.2 ശതമാനം പേരുടെ പിന്തുണയോടെയാണ് അദ്ദേഹം ഈ പട്ടികയിലും മുന്നിലെത്തിയത്. 29 ശതമാനം പിന്തുണ നേടിയ രാഹുൽ ഗാന്ധിയാണ് ഇതിൽ ഒന്നാം സ്ഥാനത്ത്.
2024ൽ ടിവികെ രൂപീകരിച്ച് രാഷ്ട്രീയത്തിലിറങ്ങി വെറും രണ്ട് വർഷം കൊണ്ട് തമിഴ്നാട്ടിൽ അധികാരത്തിലെത്താൻ കഴിഞ്ഞ വിജയ്യുടെ രാഷ്ട്രീയ വളർച്ച അതിവേഗത്തിലാണ്. നിലവിൽ തമിഴ്നാട്ടിലെ ടിവികെ സർക്കാരിന് കോൺഗ്രസിന്റെ പിന്തുണയുമുണ്ട്. 2029ലെ പൊതുതെരഞ്ഞെടുപ്പിൽ വിജയ്യെ ദേശീയ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കാനുമുള്ള ചർച്ചകൾ പാർട്ടിക്കുള്ളിൽ സജീവമാണ്.