കോഴിക്കോട് കൊടുവള്ളിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കൊടുവള്ളി മാനിപുരം ഇരുമ്പോത്ത് കടവിൽ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ട് കാണാതായ 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ (15) ആണ് മരിച്ചത്. മുക്കം അഗ്നിരക്ഷാസേനയും വെള്ളിമാടുകുന്ന് സ്റ്റേഷനിൽനിന്നുള്ള പ്രത്യേക സ്കൂബ ഡൈവിങ് സംഘവും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഷഹിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.
വടകരയിൽ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു
വടകര മണിയൂർ പാലയാട് നടയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളും അപകടത്തിൽപ്പെട്ടു. നബീൽ (19), മലപ്പുറം സ്വദേശിയായ യുവാവ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ നബീലിനെ കണ്ടെത്തി ആശുപത്രിലേക്ക് മാറ്റി. നില ഗുരുതരമാണ്. മലപ്പുറം സ്വദേശിക്കായുള്ള തിരച്ചിൽ തുടരുകയാണ്. നാല് പേരടങ്ങുന്ന സംഘമായിരുന്നു പുഴയിൽ കുളിക്കാനെത്തിയത്. നാലുപേരും അപടത്തിൽപ്പെട്ടെങ്കിലും രണ്ടു പേർ രക്ഷപ്പെട്ടു.