02/09/2026
[fontresizer_tawhidurrahmandear_widget]

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം: കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ അറസ്റ്റില്‍

 മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം: കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ അറസ്റ്റില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ ഡിസിസി അംഗം ചേന്തി അനിൽ അറസ്റ്റിൽ. മുഖ്യമന്ത്രിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അനിലിനെതിരെ നടപടിയെടുക്കാൻ ഡിസിസി പ്രസിഡന്റിനോട് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, തനിക്കെതിരെയുള്ള നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും താൻ ഗ്രൂപ്പിസത്തിന്റെ ഇരയാണെന്നുമാണ് കസ്റ്റഡിയിലിരിക്കെ ചേന്തി അനിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴക്കൂട്ടത്ത് നിന്നും വിരലടയാളം ശേഖരിച്ച ശേഷം അനിലിനെ വീണ്ടും ശ്രീകാര്യം പോലീസ് സ്റ്റേഷനിലേക്ക് തന്നെ കൊണ്ടുപോകുമെന്നാണ് വിവരം.

സംഭവത്തിൽ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ ചേന്തി അനിലിന് സസ്പെൻഷൻ ലഭിച്ചു. കെപിസിസി പ്രസിഡന്റിന്റെ നിർദേശപ്രകാരം ഡിസിസി അധ്യക്ഷൻ എൻ. ശക്തനാണ് നടപടി സ്വീകരിച്ചത്. കോൺഗ്രസ് അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിലും മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയതിലും പാർട്ടിക്കുള്ളിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധമുള്ള നേതാവാണ് ചേന്തി അനിലെങ്കിലും ഇത്തരം തെറ്റായ നടപടികളെ പിന്തുണയ്ക്കില്ലെന്ന നിലപാടാണ് ചെന്നിത്തലയുടെ ഓഫീസും സ്വീകരിച്ചത്.

വെള്ളിയാഴ്ച ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തുനിന്നും ശ്രീകാര്യം വഴി പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനം ചേന്തിയിൽ വെച്ച് തടഞ്ഞുനിർത്തിയെന്നാണ് അനിലിനെതിരെയുള്ള പരാതി. ഈ പരിപാടി തന്റെ ഔദ്യോഗിക ഷെഡ്യൂളിൽ ഇല്ലെന്നും അതിനാൽ ഉദ്ഘാടനം ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ ചേന്തി അനിൽ വാഹനത്തിന് മുന്നിലേക്ക് കയറിനിന്ന് തടയുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയും അനിലും തമ്മിൽ തർക്കമുണ്ടാകുകയും, മര്യാദയ്ക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിയോട് ‘മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ നീ എന്ത് ചെയ്യും’ എന്ന് അനിൽ തിരിച്ചു ചോദിച്ചുവെന്നാണ് പരാതി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന ഗൺമാൻമാർ അനിലിനെ പിടിച്ചുമാറ്റിയാണ് മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിട്ടത്.

Also read: