02/09/2026
[fontresizer_tawhidurrahmandear_widget]

നിങ്ങൾ എപ്പോഴും ആസാദി എന്ന് വിളിച്ചുപറയുന്നു. ഏത് ആസാദിയാണ് നിങ്ങൾക്ക് വേണ്ടത്? ഹെറോയിനും കഞ്ചാവും ഉപയോഗിക്കാനുള്ള ആസാദിയോ?;’ജെഎൻയുവും ഉസ്മാനിയയും നേരെയാക്കി, ഇനി ജാദവ്പൂർ’; സുവേന്ദു അധികാരി

 നിങ്ങൾ എപ്പോഴും ആസാദി എന്ന് വിളിച്ചുപറയുന്നു. ഏത് ആസാദിയാണ് നിങ്ങൾക്ക് വേണ്ടത്? ഹെറോയിനും കഞ്ചാവും ഉപയോഗിക്കാനുള്ള ആസാദിയോ?;’ജെഎൻയുവും ഉസ്മാനിയയും നേരെയാക്കി, ഇനി ജാദവ്പൂർ’; സുവേന്ദു അധികാരി

കൊൽക്കത്ത: കൊൽക്കത്തയിലെ ജാദവ്‌പൂർ സർവകലാശാലയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കും ‘ആസാദി’ മുദ്രാവാക്യങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി സുവേന്ദു അധികാരി. മാവോയിസ്റ്റുകൾക്കും ഫലസ്തീൻ അനുഭാവികൾക്കും കശ്മീരിന്റെ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നവർക്കുമുള്ള താവളമായി മാറാൻ സർവകലാശാല ക്യാമ്പസുകളെ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

രക്ഷാബന്ധനോടനുബന്ധിച്ച് ജാദവ്പൂർ സർവകലാശാലാ ക്യാമ്പസിന് പുറത്ത് ബിജെപി സംഘടിപ്പിച്ച വന്ദേമാതരം കൂട്ട ആലാപന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എപ്പോഴും സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഹെറോയിനും കഞ്ചാവും ഉപയോഗിക്കാനുള്ള ആസാദിയാണോ വേണ്ടതെന്നും, ഇവരാണ് യഥാർത്ഥ ‘തുകഡെ-തുകഡെ’ സംഘമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവന്തിപോറയിൽ തീവ്രവാദികൾ 45 സി.ആർ.പി.എഫ് ജവാന്മാരെ വധിച്ചപ്പോഴോ പഹൽഗാമിൽ പ്രത്യേക മതവിഭാഗത്തിൽപ്പെട്ട വിനോദസഞ്ചാരികൾ വെടിയേറ്റ് മരിച്ചപ്പോഴോ ദുഃഖം പ്രകടിപ്പിക്കാനോ റാലികൾ നടത്താനോ തയ്യാറാകാത്തവർ, പാകിസ്ഥാനെതിരെ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തുമ്പോൾ യുദ്ധവിരുദ്ധ റാലികൾ നടത്തുകയാണെന്നും തനിക്ക് രോഗവും അതിനുള്ള മരുന്നും കൃത്യമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള എ.ബി.വി.പി പ്രവർത്തകർ ഡൽഹിയിലെ ജെ.എൻ.യുവും ഹൈദരാബാദിലെ ഉസ്മാനിയ സർവ്വകലാശാലയും നേരെയാക്കിയെന്നും ഇനി ജാദവ്പൂർ മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയതയുടെ കൊടുങ്കാറ്റ് ആരംഭിച്ചുകഴിഞ്ഞുവെന്നും അത് തടയാനാവില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ക്യാമ്പസിനുള്ളിലേക്ക് ആരാണ് ലഹരിമരുന്നുകളും കഫ് സിറപ്പും എത്തിക്കുന്നതെന്ന് കണ്ടെത്താൻ ഡ്രോണുകൾ വിന്യസിക്കുമെന്നും മുന്നറിയിപ്പ് നൽകി. മാലിന്യങ്ങൾ എങ്ങനെ വൃത്തിയാക്കണമെന്ന് അറിയാവുന്ന ആളാണ് താനെന്നും സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പും താനും ക്യാമ്പസിലെ കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 19-ന് എ.ബി.വി.പി പ്രവർത്തകരും ഇടത് വിദ്യാർത്ഥി സംഘടനകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന്, ഓഗസ്റ്റ് 20-ന് എ.ബി.വി.പി പ്രവർത്തകർ ക്യാമ്പസിനുള്ളിൽ കടക്കാൻ ശ്രമിക്കുന്നതിനിടെ യൂണിവേഴ്‌സിറ്റി ഗേറ്റിലെ മരത്തിൽ തീർത്ത ലോഗോ തകർന്നിരുന്നു. പുറത്തുനിന്നുള്ളവരെ എത്തിച്ചാണ് എ.ബി.വി.പി അക്രമം നടത്തിയതെന്ന് എസ്.എഫ്.ഐയും എ.ഐ.ഡി.എസ്.ഒയും ആരോപിച്ചപ്പോൾ, ലോഗോ തകർത്തതിന് പിന്നിൽ അധ്യാപക സംഘടനയാണെന്ന് ആരോപിച്ച് എ.ബി.വി.പി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

34 വർഷത്തെ സി.പി.എം ഭരണത്തിലും തുടർന്ന് തൃണമൂൽ കോൺഗ്രസ് ഭരണത്തിലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ജാദവ്പൂരിലെ മാവോയിസ്റ്റ് ഘടകങ്ങളെ സംരക്ഷിക്കുകയായിരുന്നുവെന്ന് സുവേന്ദു ആരോപിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ‘ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും വോട്ടില്ല’ എന്ന മുദ്രാവാക്യമുയർത്തി രാഷ്ട്രീയ ലാഭം ഉണ്ടാക്കിക്കൊടുത്തതിനാലാണ് മമത ബാനർജി ഇവരെ സംരക്ഷിച്ചുപോന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പഠനത്തിനെത്തിയ എണ്ണൂറോളം വിദ്യാർത്ഥികളെ നിർബന്ധിച്ച് റാലികളിൽ പങ്കെടുപ്പിക്കുകയായിരുന്നുവെന്നും അവിടെയൊന്നും നീറ്റ് പരീക്ഷയെക്കുറിച്ചോ തൊഴിലിനെക്കുറിച്ചോ ആയിരുന്നില്ല മുദ്രാവാക്യങ്ങൾ ഉയർന്നതെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, സുവേന്ദു അധികാരിയുടെ ആരോപണങ്ങളെ ജാദവ്പൂർ യൂണിവേഴ്സിറ്റി പ്രൊഫസറും മുൻ സി.പി.എം സ്ഥാനാർത്ഥിയുമായ നന്ദിനി മുഖർജി പൂർണ്ണമായും തള്ളി. സർവകലാശാലയിൽ മാവോയിസ്റ്റുകളില്ലെന്നും ഇതൊരു മികച്ച വിദ്യാഭ്യാസ കേന്ദ്രമാണെന്നും അവർ വ്യക്തമാക്കി. വിഷയത്തിൽ സി.പി.എമ്മിന്റെയോ തൃണമൂൽ കോൺഗ്രസിന്റെയോ ഔദ്യോഗിക നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also read: