കുത്തിയൊഴുകുന്ന വെള്ളത്തിൽ കുടുങ്ങി ബൈക്ക് യാത്രികൻ; ഷാളുകൾ കൂട്ടിക്കെട്ടി യുവാവിനെ കരകയറ്റി യാത്രാസംഘം
ഷിംല: മിന്നൽപ്രളയത്തിൽ കുടുങ്ങിയ ബൈക്ക് യാത്രികനെ ദുപ്പട്ട (ഷാൾ) ‘താത്കാലിക കയറാക്കി’ മാറ്റി രക്ഷിച്ച് അതുവഴി പോയ യാത്രാസംഘം. ഹിമാചൽ പ്രദേശിലെ ചമ്പയിലാണ് സംഭവം. ഭട്ടിയാത്തിലെ ഭർമാല മേഖലയിലെ കകിയാര-തനുഹട്ടി റോഡിലാണ് ബൈക്ക് യാത്രികനായ യുവാവ് മിന്നൽപ്രളയത്തിൽ കുടുങ്ങിയത്.
വൈകുന്നേരം മുതൽ പ്രദേശത്ത് പെയ്ത മഴ, റോഡിൽ വലിയ വെള്ളക്കെട്ട് സൃഷ്ടിക്കുകയായിരുന്നു. കുത്തിയൊഴുകുന്ന വെള്ളം മുറിച്ച് കടക്കാനാകാതെ യുവാവ് കുടുങ്ങി. ഈ സമയം, അതുവഴി വാഹനത്തിൽ പോയ ഒരു കുടുംബത്തിന്റെ ശ്രദ്ധയിൽ യുവാവ് പെടുകയായിരുന്നു. നവദമ്പതിമാർ ഉൾപ്പെടെയുള്ളവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
തുടർന്ന് ആ കുടുംബത്തിലെ അംഗങ്ങൾ ചേർന്ന് സംഘത്തിലെ യുവതികളുടെ ദുപ്പട്ടകൾ തത്കാലത്തേക്ക് കൂട്ടിക്കെട്ടി കയറിന് സമാനമാക്കി യുവാവിന് നേർക്ക് നീട്ടിക്കൊടുത്തു. ഇതിൽ പിടിച്ചതോടെ യുവാവിനെ സുരക്ഷിതസ്ഥാനത്തേക്ക് വലിച്ചുമാറ്റി രക്ഷിക്കുകയായിരുന്നു. യുവാവിനെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം സാമൂഹികമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.