08/09/2026
[fontresizer_tawhidurrahmandear_widget]

ഡൽഹി പ്രക്ഷോഭത്തിൽ പങ്കെടുത്ത എസ്എഫ്ഐ നേതാവിന് 5 ലക്ഷം രൂപയുടെ ബോണ്ട് നോട്ടീസ്; സമാധാന അന്തരീക്ഷം തകർത്തെന്ന് ഉത്തർപ്രദേശ് സർക്കാർ

 ഡൽഹി പ്രക്ഷോഭത്തിൽ പങ്കെടുത്ത എസ്എഫ്ഐ നേതാവിന് 5 ലക്ഷം രൂപയുടെ ബോണ്ട് നോട്ടീസ്; സമാധാന അന്തരീക്ഷം തകർത്തെന്ന് ഉത്തർപ്രദേശ് സർക്കാർ

ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത എസ്എഫ്ഐ നേതാവിനെതിരെ അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് നോട്ടീസയച്ച് ഉത്തർപ്രദേശ് സർക്കാർ. എസ്എഫ്ഐ യുപി സംസ്ഥാന കമ്മിറ്റി അംഗവും ഗൗതം ബുദ്ധ് സർവകലാശാലയിലെ വിദ്യാർഥിയുമായ അക്ഷത് ത്രിപാഠിക്കെതിരെയാണ് സമാധാനാന്തരീക്ഷം തകർത്തു എന്നാരോപിച്ച് യോഗി ആദിത്യനാഥ് സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്.

യുപി പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗ്രേറ്റർ നോയിഡ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 130 പ്രകാരം അക്ഷതിന് നോട്ടീസ് അയച്ചത്. സമാധാന ലംഘനം തടയുന്നതിനായി 5 ലക്ഷം രൂപയുടെ ബോണ്ട് സമർപ്പിക്കണമെന്നാണ് നോട്ടീസിലെ പ്രധാന നിർദേശം. രാജ്യതലസ്ഥാനത്ത് വിദ്യാർഥി അവകാശങ്ങൾക്കായി ജന്തർമന്തറിൽ സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്തതിനാണ് ഈ നടപടി.

വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഭാഗമായി ജൂലൈ 20-ന് നടന്ന പാർലമെന്റ് മാർച്ചിനിടെ ഡൽഹി പോലീസിൽ നിന്ന് അക്ഷതിന് ക്രൂരമായ മർദനമേറ്റിരുന്നു. ഇതിനുപുറമെ, വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ യാതൊരുവിധ നിയമനടപടികളും സ്വീകരിക്കരുതെന്ന് സുപ്രീം കോടതിയുടെ വ്യക്തമായ നിർദേശം നിലനിൽക്കെയാണ് അത് മറികടന്നുകൊണ്ട് യുപി സർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു പ്രതികാര നടപടിയുണ്ടായിരിക്കുന്നത്.

വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾക്കായി സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും, പോലീസിനെയും നിയമസംവിധാനങ്ങളെയും ഉപയോഗിച്ച് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും എസ്എഫ്ഐ നേതൃത്വം കുറ്റപ്പെടുത്തി. യുപി സർക്കാരിന്റെ ഈ നടപടിക്കെതിരെ നിയമപരമായും സംഘടനാപരമായും ശക്തമായി പോരാടുമെന്നും അവർ വ്യക്തമാക്കി.

Also read: