09/09/2026
[fontresizer_tawhidurrahmandear_widget]

ഖാർഗെയ്‌ക്കെതിരായ ജാതി അധിക്ഷേപം: എം.പിമാരുടെ പ്രതിഷേധത്തിനൊടുവിൽ കേസെടുത്ത് പൊലീസ്

 ഖാർഗെയ്‌ക്കെതിരായ ജാതി അധിക്ഷേപം: എം.പിമാരുടെ പ്രതിഷേധത്തിനൊടുവിൽ കേസെടുത്ത് പൊലീസ്

മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവത്തിൽ, കോൺഗ്രസിലെ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട എംപിമാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പൊലീസ് കേസെടുത്തു.

ഓഗസ്റ്റ് എട്ടിന് ഉത്തരാഖണ്ഡിലെ ഹൽദ്വനി രാംലീല മൈതാനിയിൽ ഖാർഗെ പങ്കെടുത്ത പൊതുസമ്മേളനത്തിന് പിന്നാലെയാണ് ശ്രീരാം സേന ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ വേദിയിൽ ശുദ്ധീകരണ ചടങ്ങുകൾ നടന്നത്. ഖാർഗെ ദളിത് വിഭാഗത്തിൽപ്പെട്ട നേതാവായതിനാലാണ് ഇത്തരമൊരു നടപടിയെന്ന ആരോപണം ഉയർന്നതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു.

വിഷയത്തിൽ നടപടിയെടുക്കുമെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയിരുന്നെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും കേസെടുക്കാത്തതിനെതിരെ ഖാർഗെ പ്രതിഷേധിക്കുകയും രാജ്യസഭാ നേതാവ് ജെ.പിനദ്ദയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു. കൂടാതെ വിഷയത്തിൽ ഇടപെട്ട ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ ഉത്തരാഖണ്ഡ് പൊലീസ് ശ്രമിച്ചതായി കോൺഗ്രസ് ആരോപിച്ചു.

തുടർന്ന് ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ്, മല്ലു രവി, എഐസിസി സെക്രട്ടറി കെ. രാജു എന്നിവരുടെ നേതൃത്വത്തിൽ എംപിമാർ ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് മടിച്ചതോടെ എംപിമാർ സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

മൂന്നര മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ ഡൽഹിയിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് ഈ പരാതി നൈനിറ്റാൾ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി അവിടെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Also read: