‘ഭീരുവായ ജഡ്ജിയായി ജീവിക്കുന്നതിലും നല്ലത് മരണം’; മാഫിയകളുടെയും ഗുണ്ടകളുടെയും ഭീഷണിക്ക് വഴങ്ങില്ലെന്ന് യുപി ജഡ്ജി
മുസാഫർനഗർ: മാഫിയകളുടെയും ഗുണ്ടകളുടെയും ഭീഷണിക്ക് വഴങ്ങിക്കൊണ്ട് ജുഡീഷ്യൽ ചുമതലകൾ നിർവഹിക്കില്ലെന്ന് വ്യക്തമാക്കി ഉത്തർപ്രദേശിലെ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി രവി കുമാർ ദിവാകർ. ‘ഭീരുവായ ജഡ്ജി’ എന്ന് അറിയപ്പെടുന്നതിനേക്കാൾ മരിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം വിധിന്യായത്തിൽ വ്യക്തമാക്കി. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിക്കുന്നതിനിടെയായിരുന്നു ജഡ്ജിയുടെ ശ്രദ്ധേയമായ പരാമർശം. നാല് മാസത്തിനിടെ 23 വധശിക്ഷകൾ വിധിച്ച് വിവാദത്തിലായ ജഡ്ജിയാണ് ജസ്റ്റിസ് രവി കുമാർ ദിവാകർ. ഇതിന് പിന്നാലെ നൂറോളം കൊലക്കേസുകൾ ഇദ്ദേഹത്തിന്റെ ബെഞ്ചിൽ നിന്ന് മാറ്റുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജഡ്ജിയുടെ വാക്കുകൾ.
ദൈവത്തെ മാത്രമേ ഭയപ്പെടാവൂ എന്നാണ് മാതാപിതാക്കൾ തന്നെ പഠിപ്പിച്ചതെന്ന് രവി കുമാർ ദിവാകർ പറഞ്ഞു. കുറ്റവാളികളുടെയും മാഫിയകളുടെയും ഭീഷണിക്ക് മുന്നിൽ ഭയന്ന് ജുഡീഷ്യൽ ചുമതലകൾ നിർവഹിച്ചാൽ പൊതുജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടും. തനിക്ക് കഴിയുന്നിടത്തോളം സ്വന്തം തത്വങ്ങളിൽ ഉറച്ചുനിന്ന് സേവനം തുടരുമെന്നും ജഡ്ജി വ്യക്തമാക്കി.
സ്ത്രീധനത്തിന്റെ പേരിൽ ഭാര്യ ഷെഹ്സാദിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ നദീം എന്നയാൾക്ക് വധശിക്ഷ വിധിച്ചുകൊണ്ടായിരുന്നു ജഡ്ജിയുടെ പ്രസ്താവന. 2018 ജൂലൈ 23-ന് ഷഹ്പൂർ പട്ടണത്തിലായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഷെഹ്സാദിയെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. മരണത്തിന് മുമ്പ് രേഖപ്പെടുത്തിയ മൊഴിയിൽ ഭർത്താവാണ് തന്നെ തീകൊളുത്തിയതെന്ന് അവർ വെളിപ്പെടുത്തിയിരുന്നു. കേസിലെ 11 പ്രോസിക്യൂഷൻ സാക്ഷികളും പിന്നീട് കൂറുമാറിയെങ്കിലും ഈ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്.
കഴിഞ്ഞ നാല് മാസത്തിനിടെ 11 കേസുകളിലായി 23 പേർക്ക് ദിവാകർ വധശിക്ഷ വിധിച്ചിരുന്നു. ഇതിനിടെ, മാഫിയകൾക്കും കുറ്റവാളികൾക്കും അനുകൂലമായി തന്റെ കോടതിയിലെ നൂറോളം ഗുരുതര കേസുകൾ മാറ്റിയെന്ന ആരോപണവും ജഡ്ജി ഉന്നയിച്ചു. തനിക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾ കുറച്ചതായും ഭീഷണികൾ തുടരുന്നതായും ചൂണ്ടിക്കാട്ടി മുതിർന്ന ഉദ്യോഗസ്ഥരോട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
ദിവാകറിന്റെ കോടതിയിൽ പരിഗണിച്ചിരുന്ന നൂറോളം കൊലപാതക കേസുകൾ ഓഗസ്റ്റിൽ ജില്ലാ സെഷൻസ് ജഡ്ജി വീരേന്ദ്ര കുമാർ സിങ്ങിന്റെ കോടതിയിലേക്ക് ഭരണപരമായ ഉത്തരവിലൂടെ മാറ്റിയിരുന്നു. വേഗത്തിലുള്ള വിചാരണ നടത്തുന്ന കോടതിയിൽ നിന്ന് വധശിക്ഷ ലഭിക്കുമെന്ന ആശങ്ക അഭിഭാഷകരും കക്ഷികളും ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ഈ കേസുമാറ്റം.