03/04/2026
[fontresizer_tawhidurrahmandear_widget]

കോൺഗ്രസ് റാലിയിൽ തൊപ്പി വച്ച് രേവന്ത് റെഡ്ഡി; തെലങ്കാനയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാൻ കോൺഗ്രസ് നീക്കമെന്ന് ബിജെപി

 കോൺഗ്രസ് റാലിയിൽ തൊപ്പി വച്ച് രേവന്ത് റെഡ്ഡി; തെലങ്കാനയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാൻ കോൺഗ്രസ് നീക്കമെന്ന് ബിജെപി

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തെരഞ്ഞെടുപ്പ് റാലിക്കിടെ തലയില്‍ തൊപ്പി ധരിച്ചതിനെതിരെ കടന്നാക്രമിച്ച് ബിജെപി. ഇതിലും ഭേദം തന്റെ തലയറുക്കുന്നതാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ബണ്ടി സഞ്ജയ് പ്രതികരിച്ചു. തെലങ്കാനയെ മുസ്‌ലിം രാജ്യമാക്കാനാണ് കോണ്‍ഗ്രസും രേവന്തും എഐഎംഐഎമ്മും ചേര്‍ന്നു ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസം ഹൈദരാബാദ് ജൂബിലി ഹില്‍സില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു സംഭവം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നവീന്‍ യാദവിന്‍രെ പ്രചാരണത്തിന്റെ ഭാഗമായി ബോറാബണ്ടയില്‍ നടന്ന റാലിയിലാണ് രേവന്ത് റെഡ്ഡി തൊപ്പി ധരിച്ചെത്തിയത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശം കൂടിയാണിവിടെ.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബിജെപി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്. മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രി പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് ബണ്ടി സഞ്ജയ് ആരോപിച്ചു. ”കോണ്‍ഗ്രസ് നേതാക്കള്‍ മതത്തിനനുസരിച്ച് വസ്ത്രം മാറ്റി പ്രീണന രാഷ്ട്രീയം കളിക്കുന്നു. തൊപ്പി ധരിക്കുന്നതിന് പകരം എന്റെ തലയറുക്കുന്നതാണ് ഇതിലും ഭേദം,”-അദ്ദേഹം പറഞ്ഞു. അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിക്ക് വേണ്ടി വോട്ടു ചോദിച്ച ശേഷം ക്ഷേത്രത്തില്‍ ആരതി ഉഴിഞ്ഞ മുഖ്യമന്ത്രിയുടെ നടപടിയെയും ബണ്ടി സഞ്ജയ് രൂക്ഷമായി വിമര്‍ശിച്ചു.

‘ഞാനൊരു വിട്ടുവീഴ്ചയില്ലാത്ത ഹിന്ദുവാണ്. പക്ഷേ, നമസ്‌കരിക്കുന്നതായി അഭിനയിച്ച് മറ്റ് മതങ്ങളെ അധിക്ഷേപിക്കില്ല. അസറുദ്ദീനെപ്പോലുള്ള മുസ്‌ലിം നേതാക്കളോ എഐഎംഐഎം നേതാക്കളോ പോലും തൊപ്പി ധരിക്കാറില്ല. എന്നാല്‍ വോട്ടിന് വേണ്ടി മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും എന്തും ചെയ്യും’-അദ്ദേഹം കുറ്റപ്പെടുത്തി.

‘അസറുദ്ദീനോട് ‘വക്രതുണ്ഡ മഹാകായ’ മന്ത്രം ജപിക്കാന്‍ ആവശ്യപ്പെടാന്‍ അദ്ദേഹത്തിന് ധൈര്യമുണ്ടോ? അതല്ലെങ്കില്‍ ഹൈന്ദവ വോട്ടുകള്‍ നേടുന്നതിനായി ഉവൈസിയെ ഭഗത് ലക്ഷ്മി ക്ഷേത്രത്തില്‍ കൊണ്ടുപോയി അമ്മയ്ക്ക് വേണ്ടി പാടാന്‍ ആവശ്യപ്പെടുമോ?’-കേന്ത്രമന്ത്രി ചോദിച്ചു.

സംസ്ഥാനത്തിന്റെ ജനസംഖ്യാപരമായ സ്വഭാവവും രാഷ്ട്രീയ ഘടനയും മാറ്റാന്‍ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തുകയാണെന്നും ബണ്ടി സഞ്ജയ് ആരോപിച്ചു. ‘തെലങ്കാനയില്‍ വേണ്ടത് ഹിന്ദു ഭരണമാണോ ഇസ്‌ലാമിക ഭരണമാണോ, കാവിക്കൊടിയാണോ പച്ചക്കൊടിയാണോ ഉയരേണ്ടതെന്ന് ഹിന്ദു സമൂഹം ചിന്തിക്കണം. നിങ്ങള്‍ ഞങ്ങള്‍ക്ക് പിന്തുണ നല്‍കുക, കോണ്‍ഗ്രസിനെയും എഐഎംഐഎമ്മിനെയും ഇവിടെ നിന്ന് തുടച്ചുനീക്കാനുള്ള ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കാം,’-മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ അങ്ങേയറ്റം വര്‍ഗീയവും വിദ്വേഷജനകവുമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തി സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചതിന് ബണ്ടി സഞ്ജയിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ടി.പി.സി.സി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.

Also read: