02/06/2026
[fontresizer_tawhidurrahmandear_widget]

‘എത്ര പണം ചിലവായാലും സർക്കാരോ സ്വന്തം നിലയ്‌ക്കോ ചികിത്സിക്കും’; ഐറിന് മുഖ്യമന്ത്രിയുടെ വാക്ക്

 ‘എത്ര പണം ചിലവായാലും സർക്കാരോ സ്വന്തം നിലയ്‌ക്കോ ചികിത്സിക്കും’; ഐറിന് മുഖ്യമന്ത്രിയുടെ വാക്ക്

ചിത്രം കടപ്പാട് – മലയാള മനോരമ

കോട്ടയം: ഒമാനിൽവെച്ച് ശരീരമാസകലം പൊള്ളലേറ്റു മരണത്തെ മുഖാമുഖം കണ്ട പത്തുവയസ്സുകാരി ഐറിന് മുഖ്യമന്ത്രി വി.ഡി.സതീശന്റെ സഹായഹസ്തം. എത്ര പണം ചെലവായാലും സർക്കാറോ അതിനു കഴിയില്ലെങ്കിൽ സ്വന്തം നിലയ്‌ക്കോ നൽകാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. ഇതോടെ വിദഗ്ദ ചികിത്സയുമായി മുന്നോട്ട് പോവുകയാണ് കുടുംബം. ചികിത്സയുടെ ആദ്യഘട്ടം കഴിഞ്ഞ് ഐറിൻ മുഖ്യമന്ത്രിയെ കാണാൻ എത്തിയപ്പോഴായിരുന്നു സഹായ വാഗ്ദാനം. തീപിടിത്തത്തിൽ പൊള്ളലേറ്റ ചുരുളി ആൽപാറ സ്വദേശി തെങ്ങോട്ടു വിളയിൽ ബിനുവിന്റെയും ക്രസ്റ്റീനയുടെയും മൂന്നു മക്കളിൽ രണ്ടാമതാണ് ഐറിൻ. ബിനു ഒമാനിൽ ഡ്രൈവറും ക്രസ്റ്റീന സ്വകാര്യ ആശുപത്രിയിൽ നഴ്‌സുമാണ്.

കഴിഞ്ഞ വർഷം ജൂലൈ 26നാണ് സംഭവം. രാത്രി എസിയിൽ നിന്ന് തീപടർന്ന് ഇവരുടെ താമസ സ്ഥലത്ത് തീപിടിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന 5 പേർക്കും പൊള്ളലേറ്റു. 70 ശതമാനത്തോളം പൊള്ളലേറ്റ ഐറിനായിരുന്നു തീപിടിത്തത്തിന്റെ ആഘാതം കൂടുതൽ സംഭവിച്ചത്. ഒമാനിൽ അഞ്ചു പേർക്കും ചികിത്സ വേണ്ടി വന്നതോടെ കുടുംബത്തിനു ലക്ഷക്കണക്കിനു രൂപ ബാധ്യതതയായി. നാട്ടിലേക്ക് തിരിച്ചെത്തിയ ഇവരെ അയൽവാസിയും മുൻ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെംബറുമായ ബിനോയി വർക്കി ഇടപെട്ട് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. നിലഗുരുതരമായ ഐറിനെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

തീപിടിത്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബത്തിന് ഭീമമായ ചികിത്സച്ചെലവ് താങ്ങാനാകാത്ത അവസ്ഥയായിരുന്നു. മുഖ്യമന്ത്രിയുടെ സഹായ വാഗ്ദാനത്തോടെ കുടുംബം വിദഗ്ദ ചികിത്സയുമായി മുന്നോട്ടു പോകുകയാണ്. 20 ലക്ഷത്തോളം രൂപ ബാധ്യതയുള്ള ബിനു കഴിഞ്ഞ ദിവസം വീണ്ടും ഒമാനിലേക്കു മടങ്ങി.

Also read: