26/09/2026
[fontresizer_tawhidurrahmandear_widget]

രാസവള വിലവർദ്ധനവിന് വേറിട്ട പരിഹാരം; മനുഷ്യവിസർജ്യം ജൈവവളമാക്കി മാറ്റി ആഫ്രിക്കൻ ഗ്രാമീണർ

 രാസവള വിലവർദ്ധനവിന് വേറിട്ട പരിഹാരം; മനുഷ്യവിസർജ്യം ജൈവവളമാക്കി മാറ്റി ആഫ്രിക്കൻ ഗ്രാമീണർ

മണ്ണിലെ ഫലഭൂയിഷ്ഠി കുറയുന്നതും രാസവളങ്ങൾക്ക് വൻതോതിൽ വില വർദ്ധിക്കുന്നതും കാരണം കൃഷി പ്രതിസന്ധിയിലായതോടെ, അതിജീവനത്തിന് വേറിട്ട വഴി കണ്ടെത്തുകയാണ് ആഫ്രിക്കൻ രാജ്യമായ സാംബിയയിലെ ഒരു ഗ്രാമം. മനുഷ്യവിസർജ്യം വളമാക്കി മാറ്റുന്ന സാങ്കേതികവിദ്യയിലൂടെയാണ് ഇവർ കാർഷിക രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കുന്നത്.

സാംബിയയിലെ കാഷിതുവിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മൂത്രവും മലവും വേർതിരിക്കുന്ന പ്രത്യേക ‘ഡ്രൈ ടോയ്‌ലറ്റുകളും’ കമ്പാസ്റ്റിംഗും ഉപയോഗിച്ചാണ് മനുഷ്യവിസർജ്യം കൃഷിക്കാവശ്യമായ ജൈവവളമാക്കി മാറ്റുന്നത്.

എങ്ങനെയാണ് വിസർജ്യം വളമായി മാറുന്നത്?

പ്രദേശത്തെ ഭൂരിഭാഗം കുടുംബങ്ങളും സാധാരണ കുഴി ശൗചാലയങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഈ പുതിയ പദ്ധതിയിലൂടെ മൂത്രവും മലവും വേർതിരിക്കുന്ന ഡ്രൈ ടോയ്‌ലറ്റുകൾ സ്ഥാപിക്കുകയും, പിന്നീട് ഇവ കൃത്യമായി കമ്പോസ്റ്റ് ചെയ്ത് പൂർണ്ണമായും സുരക്ഷിതമായ വളമാക്കി മാറ്റുകയുമാണ് ചെയ്യുന്നത്.

പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി പ്രദേശത്തെ 500 കുടുംബങ്ങളിൽ സംഘം സർവേ നടത്തിയിരുന്നു. ചെലവുകുറഞ്ഞ വളത്തിനായുള്ള വലിയ ആവശ്യകതയും ഇത്തരത്തിലുള്ള പരിസ്ഥിതി സൗഹൃദ ശുചിത്വ രീതികളോടുള്ള ഗ്രാമീണരുടെ താല്പര്യവും ഈ സർവേയിലൂടെ വ്യക്തമായി.

പരിശീലനവും ‘സാനിറ്റേഷൻ ക്ലബ്ബും’

കേവലം ശൗചാലയങ്ങൾ നിർമ്മിച്ചു നൽകുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ഈ പദ്ധതി. വിസർജ്യത്തിൽ നിന്ന് നിർമ്മിക്കുന്ന വളം എങ്ങനെ സുരക്ഷിതമായും ഫലപ്രദമായും ഉപയോഗിക്കാമെന്ന് ഗ്രാമീണർക്ക് പരിശീലനം നൽകുന്നുണ്ട്. ഇതിനായി പ്രായോഗിക പരിശീലന കേന്ദ്രങ്ങളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു വരുന്നു.

പദ്ധതിയുടെ ദീർഘകാല നിലനിൽപ്പിനായി ഒരു ‘സാനിറ്റേഷൻ ക്ലബ്ബും’ ഗ്രാമത്തിൽ രൂപീകരിച്ചിട്ടുണ്ട്. ഗ്രാമീണരുടെ പങ്കാളിത്ത ഉറപ്പാക്കാനും, വിവരങ്ങൾ പങ്കുവെക്കാനും, ശൗചാലയങ്ങളുടെ പരിപാലനത്തിനുമാണ് ഈ ക്ലബ്ബ് നേതൃത്വം നൽകുന്നത്. ലഭ്യമായ പ്രാദേശിക വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി കാർഷിക-ശുചിത്വ മേഖലകളിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

Also read: