04/10/2026
[fontresizer_tawhidurrahmandear_widget]

‘വിമാനം ബോധപൂർവ്വം തകർക്കാനായിരുന്നു പദ്ധതി; എനിക്ക് മരിക്കാൻ ഭയമില്ല’: ഒമാനി കോ-പൈലറ്റിന്റെ ഞെട്ടിക്കുന്ന കുറ്റസമ്മതം

 ‘വിമാനം ബോധപൂർവ്വം തകർക്കാനായിരുന്നു പദ്ധതി; എനിക്ക് മരിക്കാൻ ഭയമില്ല’: ഒമാനി കോ-പൈലറ്റിന്റെ ഞെട്ടിക്കുന്ന കുറ്റസമ്മതം

ദുബൈ: ഫ്ലൈ ദുബൈയുടെ ടെൽ അവീവ് വിമാനത്തിൽ ആക്രമണം നടത്തിയ കോ-പൈലറ്റ് ഹമാം അൽ-ഹമാമിയുടെ ചോദ്യം ചെയ്യൽ വിവരങ്ങൾ പുറത്ത്. വിമാനം ബോധപൂർവം തകർക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും തനിക്ക് മരിക്കാൻ പേടിയില്ലെന്ന് ഹമാം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. ഹമാം എങ്ങനെ തീവ്ര ആശയങ്ങളിലേക്ക് ആകൃഷ്ടനായെന്നും ഇത്തരത്തിലൊരാളെ എങ്ങനെ വിമാനം പറത്താൻ അനുവദിച്ചു എന്നതിലും അന്വേഷണം നടക്കുന്നുണ്ട്.

തീവ്ര വെബ്സൈറ്റുകൾ സന്ദർശിച്ചതിനാണ് ആദ്യ കമ്പനിയായ ഒമാൻ എയറിൽ നിന്നും ഹമാമിയെ പൈലറ്റ് ജോലിയിൽ നിന്നും നീക്കിയത്. പിന്നാലെ ഡെസ്ക് ജോലിയിലേക്ക് മാറ്റിയ ഇയാൾക്ക് കൗൺസിലിംഗും നൽകി. കമ്പനിയിൽ നിന്നും രാജിവെച്ച ഹമാമി പിന്നീട് ഫ്ലൈ ദുബൈയിൽ ജോലിയിൽ പ്രവേശിക്കുന്നത് ഈ വർഷം ഫെബ്രുവരിയിലാണ്. ഫ്ലൈ ദുബൈയിൽ ജോലിക്കെടുക്കും മുൻപ് ഹമാമിയുടെ പൂർവചരിത്രം കമ്പനിക്ക് അറിയാമായിരുന്നോ എന്നതിൽ വ്യക്തതയില്ല.

സിറിയയിലെ ഹമാമിന്റെ ബന്ധത്തെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ആഭ്യന്തര യുദ്ധകാലത്ത് ഹമാം സിറിയയിലുണ്ടായിരുന്നു. ഒമാൻ പൗരനായ ഹമാം അൽ-ഹമാമി യു.എ.ഇയിലാണ് ജനിച്ചത്. ഇയാളുടെ പിതാവ് ഒമാനിയും അമ്മ സിറിയൻ സ്ത്രീയുമാണ്. ആക്രമണമുണ്ടായ ശേഷം സൗദിയിലെ തബൂക്കിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിനു പിന്നാലെ ഹമാം അൽ-ഹമാമിയെ സൗദി അറേബ്യയിൽ നിന്നും യു.എ.ഇയിലേക്ക് മാറ്റിയിട്ടുണ്ട്.

ഹമാമിന്റെ നീക്കം ചെയ്ത എക്സ് അക്കൗണ്ടിൽ നിന്നുള്ള 3000-ത്തോളം സ്ക്രീൻഷോട്ടുകളുടെ വിവരങ്ങളും പുറത്തുവന്നു. തീവ്ര യാഥാസ്ഥിതികവും സ്ത്രീവിരുദ്ധ കാഴ്ചപ്പാടുകളും ഉൾപ്പെടുന്നതാണ് പോസ്റ്റുകൾ. സൗദി സ്ത്രീകളെ ബന്ധപ്പെടാൻ ഹമാം വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതായി ഒരു പോസ്റ്റിൽ പറയുന്നു. തന്റെ ഭാര്യ ജോലി ചെയ്യാൻ പാടില്ല എന്നാണ് മറ്റൊരു പോസ്റ്റിൽ പറയുന്നത്. ഇന്റർനെറ്റ് ആർക്കൈവിൽ ഇവയുടെ സ്ക്രീൻഷോട്ടുകൾ ലഭ്യമാണ്.

182 യാത്രക്കാരാണ് ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബൈ വിമാനത്തിൽ ഉണ്ടായിരുന്നത്. ഒമാനി പൗരനായ കോ-പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാൻ ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സാരമായി പരുക്കേറ്റ് രക്തത്തിൽ കുളിച്ച അവസ്ഥയിലും ക്യാപ്റ്റൻ സ്മിത് മച്ചാർ പ്രകടിപ്പിച്ച അസാധാരണമായ മനസ്സാന്നിധ്യവും ധീരതയുമാണ് ഒരു വലിയ ദുരന്തം ഒഴിവാക്കിയത്. യാത്രക്കാരുടെയും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരായ പൈലറ്റുമാരുടെയും സഹായത്തോടെയാണ് വിമാനം സൗദിയിലെ തബൂക്കിൽ അടിയന്തര ലാൻഡിങ് നടത്തിയത്.

Also read: