‘യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങൾക്ക് പ്രധാനം’; ഇസ്രയേലിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ഫ്ലൈ ദുബൈ
ദുബൈ: ദുബൈയിൽ നിന്ന് ഇസ്രയേലിലെ തെൽ അവീവിലേക്ക് പോയ വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ, ഇസ്രയേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവെച്ച് ഫ്ലൈ ദുബൈ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്നും സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്നും ഫ്ലൈ ദുബൈ അറിയിച്ചു.
സെപ്റ്റംബർ 30-ന് ദുബൈയിൽ നിന്ന് തെൽ അവീവിലേക്ക് പറന്ന FZ 1073 വിമാനത്തിൽ സൗദി അറേബ്യൻ വ്യോമാതിർത്തിയിൽ വെച്ചാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒമാൻ സ്വദേശിയായ സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയും ക്യാപ്റ്റനായ ഇന്ത്യൻ പൗരൻ സ്മിത് മച്ഛാറിന് നേരെ ആക്രമണം നടത്തുകയുമായിരുന്നു. ആക്രമണത്തെ തുടർന്ന് വിമാനം പെട്ടെന്ന് ദിശമാറുകയും അര മിനിറ്റുകൊണ്ട് 16,000 അടിയോളം താഴേക്ക് പതിക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ഛാറും ക്യാബിൻ ക്രൂവും ചില യാത്രക്കാരും ചേർന്ന് സാഹസികമായി സഹപൈലറ്റിനെ കീഴടക്കി വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. നിലവിൽ യുഎഇയിൽ ചികിത്സയിലുള്ള ക്യാപ്റ്റനും പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച യാത്രക്കാർക്കും യു.ഇ, സൗദി അധികൃതർക്കും ഫ്ലൈ ദുബൈ സിഇഒ ഗൈത് അൽ ഗൈത് നന്ദി അറിയിച്ചു.