19/10/2026
[fontresizer_tawhidurrahmandear_widget]

മുന്‍ ഡി.വൈ.എഫ്.ഐ നേതാവ് ശ്യാം സുന്ദര്‍ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്; പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

 മുന്‍ ഡി.വൈ.എഫ്.ഐ നേതാവ് ശ്യാം സുന്ദര്‍ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്; പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തവരെ പാർട്ടി നേതൃനിരയിൽ എത്തിച്ച് മുസ്‌ലിം ലീഗ്. പുതിയ ഭാരവാഹികളെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. പി അബ്ദുൽ ഹമീദ്, എ അബ്ദുറഹിമാൻ, ശ്യാം സുന്ദർ എന്നിവരെ വൈസ് പ്രസിഡന്റുമാരായും പി ഉബൈദുല്ല, കമാൽ മാക്കിയിൽ, റഫീഖ് മണിമല എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും നിയമിച്ചു. പുതിയ ഭാരവാഹികളിൽ കൗതുകകരമായത് മുൻ ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ ആയിരുന്ന ശ്യാം സുന്ദറിനെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതാണ്. ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് മുസ്‌ലിം അല്ലാത്ത ഒരാൾ ഈ പദവിയിൽ എത്തുന്നത്.

ആലപ്പുഴ പല്ലശ്ശന സ്വദേശിയായ ശ്യാംസുന്ദർ വി.എസ്-പിണറായി പോര് രൂക്ഷമായ കാലത്ത്, 2010ലാണ് സി.പി.എമ്മിൽ നിന്ന് പുറത്തെത്തിയത്. ലീഗിൽ ചേർന്ന ശ്യാംസുന്ദർ പാർട്ടി കർഷക സംഘടനയായ സ്വതന്ത്ര കർഷക സംഘത്തിന്റെ നേതൃത്വത്തിൽ എത്തി. 2016ൽ വ്യവസായ വകുപ്പിന് കീഴിലെ യുണൈറ്റഡ് ഇലക്ട്രിക് ഇൻഡസ്ട്രീസ് ചെയർമാനായും പ്രവർത്തിച്ചു.

പാർട്ടിയെ കുറിച്ച് അറിയാത്തവരാണ് മുസ്‌ലിം ലീഗ് വർഗീയവാദികൾ എന്ന് പറയുന്നതെന്ന് ശ്യാം സുന്ദർ പറഞ്ഞു. വലിയ ദൗത്യമാണ് പാണക്കാട് തങ്ങളും പാർട്ടിയും തന്നെ ഏൽപ്പിച്ചത്. പ്രവർത്തകരെ പാർട്ടി അംഗീകരിക്കുന്നതാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതിലൂടെ കാണുന്നത്. കഴിഞ്ഞ തവണ ലീഗിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. ഇത്തവണ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായി. സി.പി.എമ്മിനെ പോലെ തന്നെ കേഡർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് മുസ്‌ലിം ലീഗെന്നും ശ്യാം സുന്ദർ പറഞ്ഞു.

മുഹമ്മദ് ടി പാറാട്, ജി മാഹിൻ അബൂബക്കർ എന്നിവരെയാണ് പുതുതായി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത്. കൂടാതെ കാസർകോട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഭാരവാഹികളെയും നിയമിച്ചു.

Also read: