19/10/2026
[fontresizer_tawhidurrahmandear_widget]

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ചരിത്ര വിജയം; ഹസിറാണി രഥിന് ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം

 നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ചരിത്ര വിജയം; ഹസിറാണി രഥിന് ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ പ്രാധാന്യമുള്ള നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥി ഹസിറാണി രഥ് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാനെ 1,22,753 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഹസിറാണി പരാജയപ്പെടുത്തിയത്. ഒക്ടോബർ 9 വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചത്.

പൂർവ്വ മേദിനിപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥിയായ ഹസിറാണി രഥ് 1,64,427 വോട്ടുകൾ നേടി. രണ്ടാമതെത്തിയ കോൺഗ്രസിന്റെ മിലൻ പ്രധാന് 41,674 വോട്ടുകളാണ് ലഭിച്ചത്. ഇടതുമുന്നണി, ഓൾ ഇന്ത്യ സെക്കുലർ ഫ്രണ്ട് അഥവാ ഐഎസ്എഫ്, തൃണമൂൽ കോൺഗ്രസ് വിമത വിഭാഗമായ ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ് എന്നിവരുടെ സ്ഥാനാർത്ഥികൾ ഉൾപ്പെടെ മത്സരിച്ച മറ്റെല്ലാവരുടെയും കെട്ടിവെച്ച പണം നഷ്ടമായി. സിപിഐ സ്ഥാനാർത്ഥിയായ ശാന്തി ഗോപാൽ ഗിരി 5,779 വോട്ടുകളോടെ മൂന്നാം സ്ഥാനത്തൊതുങ്ങി.

ജനനത്തീയതി കൃത്യമായി സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയില്ലെന്ന പരാതിയിൽ വൻ വിവാദങ്ങൾ നേരിട്ട സ്ഥാനാർത്ഥിയായിരുന്നു ഹസിരാണി റാഥ്. അറുപത് വയസ്സിന് മേൽ പ്രായമുണ്ടെന്നും 1965-ൽ പത്താംക്ലാസ് പാസ്സായി എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്.
മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ കൊല്ലപ്പെട്ട പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ മാതാവാണ് വിജയിച്ച ഹസിറാണി രഥ്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടി രണ്ട് ദിവസങ്ങൾക്ക് ശേഷം, മെയ് 6-ന് കൊൽക്കത്തയുടെ പ്രാന്തപ്രദേശമായ മധ്യംഗ്രാമിൽ വെച്ച് അക്രമികളുടെ വെടിയേറ്റാണ് ചന്ദ്രനാഥ് കൊല്ലപ്പെട്ടത്. ഈ സംഭവം തെരഞ്ഞെടുപ്പിൽ വലിയൊരു വികാര തരംഗമായി മാറി.

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലും ഭവാനിപ്പൂരിലും വിജയിച്ച സുവേന്ദു അധികാരി, ഭവാനിപ്പൂർ മണ്ഡലം നിലനിർത്താൻ തീരുമാനിച്ചതോടെയാണ് നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2011-ൽ തൃണമൂൽ കോൺഗ്രസിനെ അധികാരത്തിലേറ്റിയ ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് നന്ദിഗ്രാം ബംഗാൾ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായത്. തുടർന്ന് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ മുഖ്യമന്ത്രി മമതാ ബാനർജിയെ സുവേന്ദു അധികാരി പരാജയപ്പെടുത്തിയതോടെ മണ്ഡലം രാജ്യ ശ്രദ്ധ നേടി.

15 വർഷത്തെ ഭരണത്തിന് ശേഷം തൃണമൂൽ കോൺഗ്രസിനെ പുറത്താക്കി ബിജെപി പശ്ചിമ ബംഗാളിൽ അധികാരത്തിലേറി കേവലം നാല് മാസത്തിന് ശേഷമാണ് ഈ ഉപതെരഞ്ഞെടുപ്പ് നടന്നത്. നന്ദിഗ്രാമിലെ വൻ വിജയവും മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റജിനഗറിലെ മുന്നേറ്റവും പുതിയ ബിജെപി സർക്കാരിന്റെ വലിയൊരു ജനകീയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

Also read: