19/10/2026
[fontresizer_tawhidurrahmandear_widget]

സുപ്രീം കോടതി വിലക്കിയിട്ടും 45 മെട്രോ സ്റ്റേഷനുകൾ പൂട്ടി; കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ ഹരജി

 സുപ്രീം കോടതി വിലക്കിയിട്ടും 45 മെട്രോ സ്റ്റേഷനുകൾ പൂട്ടി; കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ ഹരജി

ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനുകൾ പൂർണ്ണമായി അടച്ചിട്ട നടപടിയിൽ സുപ്രീം കോടതി ഉത്തരവ് ലംഘിച്ചതായി ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹരജി. സുപ്രീം കോടതി നൽകിയ വ്യക്തമായ നിർദ്ദേശങ്ങൾ മറികടന്നാണ് സ്റ്റേഷനുകൾ പൂട്ടിയിട്ടതെന്ന് വ്യക്തമാക്കി അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ശനിയാഴ്ച ഹരജി ഫയൽ ചെയ്തത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ അടക്കമുള്ള പ്രമുഖരാണ് ഹരജിയിലെ എതിർകക്ഷികൾ.

സിജെപി പ്രഖ്യാപിച്ച പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയം കോടതിയിലെത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ സിജെപി പ്രഖ്യാപിച്ച പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിലെ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടാനും സർവീസുകൾ റദ്ദാക്കാനും അധികൃതർ തീരുമാനിച്ചിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് വെള്ളിയാഴ്ച സുപ്രീം കോടതി അടിയന്തരമായി ഇടപെട്ടത്.

പൊതുഗതാഗത സംവിധാനങ്ങൾ പൂർണ്ണമായി തടയുന്ന നടപടി പാടില്ലെന്നായിരുന്നു പരമോന്നത കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കവെ, മെട്രോക്കും റെയിൽവേക്കും പൂർണ്ണ നിരോധനം ഏർപ്പെടുത്തരുതെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നും എന്നാൽ ഗതാഗതം പൂർണ്ണമായി നിർത്തിവെക്കരുതെന്നും ക്രമസമാധാനം ഉറപ്പാക്കുന്നതോടൊപ്പം സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

നിരോധനവും നിയന്ത്രണവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന കോടതിയുടെ ശക്തമായ പരാമർശത്തെ തുടർന്ന് മെട്രോ നിരോധന തീരുമാനം പുനഃപരിശോധിക്കാമെന്ന് സോളിസിറ്റർ ജനറൽ കോടതിക്ക് ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗതാഗതം പൂർണ്ണമായി തടയാതെ നിയന്ത്രിത രീതിയിൽ സർവീസ് നടത്താനും, അതിന്റെ കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പത്രങ്ങളിലും ഓൺലൈനിലും അഡ്വൈസറി പരസ്യപ്പെടുത്താനും കോടതി നിർദ്ദേശിക്കുകയായിരുന്നു.

എന്നാൽ സുപ്രീം കോടതിക്ക് നൽകിയ ഈ ഉറപ്പുകൾ കാറ്റിൽ പറത്തപ്പെട്ടുവെന്നാണ് ശനിയാഴ്ച ഫയൽ ചെയ്ത പുതിയ ഹരജിയിലെ പ്രധാന ആരോപണം. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച രാത്രി 9 മണി മുതൽ ശനിയാഴ്ച വൈകുന്നേരം 6 മണി വരെ 45 മെട്രോ സ്റ്റേഷനുകൾ അടച്ചിടുമെന്നാണ് ഡൽഹി മെട്രോ ഔദ്യോഗികമായി അറിയിച്ചത്. സുപ്രീം കോടതിയുടെ ഉത്തരവ് നിലനിൽക്കെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി വ്യക്തമായ കോടതിയലക്ഷ്യമാണെന്നാണ് ഹരജിക്കാരന്റെ വാദം.

Also read: