‘അന്യായ തടങ്കൽ പാടില്ല, തടസ്സമില്ലാതെ ഇൻ്റർനെറ്റ് സേവനങ്ങൾ തുടരണം, റോഡിലെ ബാരിക്കേഡുകൾ മാറ്റണം’: കേന്ദ്രത്തിനും ഡൽഹി പൊലീസിനും സുപ്രിംകോടതി ഉത്തരവ്
ന്യൂഡൽഹി: സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെതിരെ കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും സുപ്രിംകോടതിയുടെ കടുത്ത വിമർശനം. പ്രതിഷേധക്കാരുടെ അന്യായ തടങ്കൽ പാടില്ലെന്നും റോഡുകളിലെ ബാരിക്കേഡുകൾ നീക്കം ചെയ്യണമെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. അവധി ദിവസമായ ഇന്ന് പ്രത്യേക സിറ്റിങ് ചേർന്നാണ് കോടതി ഹരജികൾ പരിഗണിച്ചത്.
പ്രതിഷേധക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പൊതുജനങ്ങളുടെ സുഗമമായ സഞ്ചാരം തടസ്സപ്പെടുത്തരുതെന്നും കോടതി നിർദേശിച്ചു. ഇൻ്റർനെറ്റ് സേവനങ്ങൾ തടസ്സമില്ലാതെ തുടരണമെന്നും ഉത്തരവിലുണ്ട്. സ്റ്റേറ്റിന് മുകളിലല്ല പൊലീസെന്നും ഭരണകൂടത്തിന് അതീതമായി ഉദ്യോഗസ്ഥർക്ക് വ്യക്തിഗത അവകാശമില്ലെന്നും ഡൽഹി പൊലീസിനെതിരെ കോടതി വിമർശനമുന്നയിച്ചു.
കഴിഞ്ഞ ദിവസത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റിയതിനെതിരെ എംപി മേനക ഗുരുസ്വാമി നൽകിയ ഹേബിയസ് കോർപസ് ഹരജിയാണ് കോടതി പ്രധാനമായി പരിഗണിച്ചത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മറ്റന്നാളത്തിനകം റിപ്പോർട്ട് നൽകാനും അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, അടച്ചുപൂട്ടിയ 47 മെട്രോ സ്റ്റേഷനുകളുടെ വിവരങ്ങൾ നൽകാനും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി നിർദേശം നൽകി. കേസിൽ ഹരജി നൽകിയിട്ടുള്ള എല്ലാ അഭിഭാഷകർക്കും വാദങ്ങൾ ഉന്നയിക്കാൻ അവസരം നൽകുമെന്ന് കോടതി അറിയിച്ചു.