’56 ഇഞ്ചുകാരൻ്റെ പൊലീസിനും പട്ടാളത്തിനും മുന്നിൽ ഒരിഞ്ച് പിന്മാറരുത്; അധികാരത്തിന്റെ ദണ്ഡിന് മുന്നിൽ പതറരുത്’: സമരത്തിലുള്ള മകൾക്ക് പിന്തുണയുമായി ഉമ്മയുടെ കുറിപ്പ്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ പൊലീസിനും പട്ടാളത്തിനും മുന്നിൽ പതറാതെ പോരാടാൻ സമരമുഖത്തുള്ള മകൾക്ക് ഉമ്മയുടെ ശക്തമായ പിന്തുണ. ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിനിയും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാവുമായ ഹൈഫയ്ക്കാണ് മാതാവും ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻ്റുമായ പിടിപി സാജിത ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ചത്.
“56 ഇഞ്ചുകാരൻ്റെ പൊലീസിൻ്റേയും പട്ടാളത്തിൻ്റേയും മുന്നിൽ ഒരിഞ്ച് പിൻമാറാതെ മുന്നോട്ട് കുതിക്കണം. അധികാരത്തിൻ്റെ ദണ്ഡ് ഉപയോഗിച്ച് ജനാധിപത്യ പ്രതിഷേധങ്ങളെ തച്ചുതകർക്കുന്നവർക്ക് നേരെ ധൈര്യപൂർവ്വം നിലകൊള്ളണം,” എന്ന് സാജിത കുറിപ്പിൽ വ്യക്തമാക്കി. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും എസ്.ഐ.ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾക്കിടെ കണ്ണൂർ സ്വദേശിനിയായ ഹൈഫയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഐസ (AISA) നേതാവ് നേഹ ബോറയ്ക്കൊപ്പം കസ്റ്റഡിയിലെടുത്ത ഡൽഹി യൂണിവേഴ്സിറ്റി ഫ്രറ്റേണിറ്റി ജോയിൻ്റ് സെക്രട്ടറിയായ ഹൈഫയെ ദൗലത്പൂർ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. പ്രക്ഷോഭത്തിനിടെ ഹൈഫയെ കസ്റ്റഡിയിലെടുക്കുന്ന ചിത്രങ്ങൾ ബിബിസി, അൽ ജസീറ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇടംനേടിയിരുന്നു. സത്യത്തിൻ്റേയും നീതിയുടേയും പ്രതീകമായി അനീതി നിറഞ്ഞ ഭരണകൂടത്തിന് നേരെ ഉയർന്നുനിൽക്കാൻ ഉമ്മ മകളെ ഓർമ്മിപ്പിക്കുന്നു.