പരമ്പരാഗത നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
കൽപ്പറ്റ: പരമ്പരാഗത നെൽകൃഷിയുടെയും അപൂർവ വിത്തിനങ്ങളുടെയും സംരക്ഷകനായ ‘നെല്ലച്ഛൻ’ ചെറുവയൽ രാമൻ (74) അന്തരിച്ചു. എടവക കമ്മന സ്വദേശിയാണ്. വയനാടിന്റെ തനത് നെൽവൈവിധ്യം സംരക്ഷിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.
1952-ൽ കുറിച്യത്തറവാട്ടിലെ കേളപ്പന്റെയും തേയിയുടെയും മകനായി ജനിച്ച രാമൻ, പതിനേഴാം വയസ്സിലാണ് തറവാട്ടിന്റെയും കൃഷിയുടെയും ചുമതല ഏറ്റെടുക്കുന്നത്. അമ്മാവൻ കൈമാറിയ നെൽവിത്തുകളും ഭൂമിയും സംരക്ഷിച്ചുകൊണ്ട് അദ്ദേഹം പരമ്പരാഗത കൃഷിരീതികളിലേക്ക് ഇറങ്ങിത്തിരിച്ചു. കുന്നുംകുളമ്പൻ, പെരുവക, കുങ്കുമശാലി, കനകം, ചെമ്പകം തുടങ്ങി അമ്പതിലേറെ അപൂർവ നെൽവിത്തുകൾ അദ്ദേഹം വംശനാശത്തിൽ നിന്ന് കാത്തുസൂക്ഷിച്ചു. വിത്ത് തേടിയെത്തുന്നവരിൽ നിന്ന് പണം ഈടാക്കാതെ, തിരികെ നൽകണമെന്ന വ്യവസ്ഥയിൽ വിത്ത് നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.
സ്വന്തം ജീവിതാനുഭവങ്ങളിലൂടെ കാർഷികരംഗത്ത് വലിയ അറിവ് നേടിയ ചെറുവയൽ രാമൻ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയനായി. 2011-ൽ ഹൈദരാബാദിൽ നടന്ന രാജ്യാന്തര ജൈവവൈവിധ്യ സമ്മേളനത്തിലും ബ്രസീലിലെ ലോക കാർഷിക സെമിനാറിലുമടക്കം 11 രാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
കാർഷിക മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ജിനോം സേവിയർ പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2023-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.