ഇത് വെറും നടുവേദനയോ അതോ വൃക്കരോഗമോ? എങ്ങനെ തിരിച്ചറിയാം?
ചിലപ്പോഴൊക്കെ നടുവേദനയും വൃക്കയിലുണ്ടാകുന്ന വേദനയും സമാനമായ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. അതിനാൽ തന്നെ അസ്വസ്ഥതയുടെ യഥാർത്ഥ കാരണം എന്താണെന്ന് തിരിച്ചറിയാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. പൊതുവായി പറഞ്ഞാൽ പേശിവലിവ്, തെറ്റായ ശരീരനില , നട്ടെല്ലിനുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയാണ് നടുവേദനയ്ക്ക് കാരണം. എന്നാൽ വൃക്കയിലുണ്ടാകുന്ന വേദന അണുബാധ, വൃക്കയിലെ കല്ല് അല്ലെങ്കിൽ മറ്റ് മൂത്രനാളീ പ്രശ്നങ്ങൾ എന്നിവയുടെ സൂചനയാകാം.
ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നത് ശരിയായ ചികിത്സ തേടാൻ സഹായിക്കും. എച്ച്.ടി ലൈഫ്സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ ഷാലിമാർ ബാഗിലെ ഫോർട്ടിസ് ഹോസ്പിറ്റൽ നെഫ്രോളജി വിഭാഗം ഡയറക്ടർ ഡോ. യോഗേഷ് ഛാബ്ര ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളും ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങളും വിശദീകരിക്കുന്നു.
വേദനയുടെ സ്ഥാനം തിരിച്ചറിയാം
ഡോ. ഛാബ്രയുടെ അഭിപ്രായത്തിൽ നടുവേദനയാണോ അതോ വൃക്കയിലെ വേദനയാണോ എന്ന് തിരിച്ചറിയാനുള്ള ഏറ്റവും എളുപ്പ വഴി വേദനയുടെ സ്ഥാനം പരിശോധിക്കുക എന്നതാണ്. നടുവേദന കൂടുതലായും അനുഭവപ്പെടുന്നത് പുറകിലെ താഴ്ഭാഗത്ത് നട്ടെല്ലിന്റെയും പേശികളുടെയും ഭാഗത്താണ്. ഡിസ്ക് തെറ്റുകയോ (slipped disc) ഞരമ്പുകൾക്ക് പ്രകോപനമുണ്ടാകുകയോ ചെയ്യുകയാണെങ്കിൽ ഈ വേദന നിതംബത്തിലേക്കോ കാലുകളിലേക്കോ പടരാം. എന്നാൽ വൃക്കയിലെ വേദന ശരീരത്തിന്റെ കൂടുതൽ ഉള്ളിലായാണ് അനുഭവപ്പെടുക. നട്ടെല്ലിന്റെ ഇരുവശങ്ങളിലായി വാരിയെല്ലുകൾക്ക് തൊട്ടുതാഴെയാണ് ഈ വേദന ഉണ്ടാകുന്നത്.
വേദനയുടെ സ്വഭാവ വ്യത്യാസങ്ങൾ
“വേദനയുടെ സ്വഭാവം തന്നെ അത് എവിടെ നിന്നാണ് ഉണ്ടാകുന്നത് എന്നതിന്റെ സൂചനകൾ നൽകും,” എന്ന് ഡോ. ഛാബ്ര വ്യക്തമാക്കുന്നു. കുനിയുക, ഭാരം ഉയർത്തുക, തിരിയുക അല്ലെങ്കിൽ കൂടുതൽ സമയം ഇരിക്കുക എന്നിവ ചെയ്യുമ്പോൾ നടുവേദന മരവിപ്പ്, കഠിനമായ വേദന അല്ലെങ്കിൽ കൂർത്ത കുത്തൽ എന്നിവയായി അനുഭവപ്പെടാം. ചില സന്ദർഭങ്ങളിൽ കിടക്കുകയോ നടക്കുകയോ ചെയ്യുമ്പോൾ ഈ വേദന കുറഞ്ഞേക്കാം. എന്നാൽ വൃക്കയിലെ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന വേദന കൂടുതൽ ഉള്ളിൽ നിന്നുള്ളതും ആഴത്തിലുള്ളതും കഠിനമായതും അല്ലെങ്കിൽ തുടർച്ചയായതുമായിരിക്കും.
വൃക്കയിൽ കല്ലുള്ളപ്പോൾ അനുഭവപ്പെടുന്ന വേദന ശക്തമായ തരംഗങ്ങളായിട്ടായിരിക്കും വരുന്നത്. എന്നാൽ അണുബാധയുണ്ടാകുമ്പോൾ തുടർച്ചയായ വേദന അനുഭവപ്പെടാം. എങ്കിലും, വ്യക്തമായ സൂചനകൾ നൽകാൻ കഴിയാത്ത ചില സമാന ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്.
വൃക്കയിലെ പ്രശ്നങ്ങളെ സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ
വൃക്കയിലെ വേദനയ്ക്കൊപ്പം താഴെ പറയുന്ന ലക്ഷണങ്ങളും സാധാരണയായി ഉണ്ടാകാറുണ്ടെന്ന് ഡോ. ഛാബ്ര പങ്കുവെച്ചു:
മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പുകച്ചിലും വേദനയും.
അടിക്കടിയുള്ള മൂത്രശങ്ക
മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം
മൂത്രത്തിന് കലക്കനിറവും ദുർഗന്ധവും ഉണ്ടാകുക
പനിയും വിറയലും അനുഭവപ്പെടുക
ഛർദ്ദിലിൽ
നടുവിന്റെ താഴ്ഭാഗത്തോ വശങ്ങളിലോ ഉണ്ടാകുന്ന വേദന.
അതേസമയം, പേശിവലിവ് മൂലമുണ്ടാകുന്ന നടുവേദനയിൽ മൂത്രസംബന്ധമായ ലക്ഷണങ്ങളോ പനിയോ ഉണ്ടാകില്ല.
എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
നടുവേദനയ്ക്കോ വശങ്ങളിലെ വേദനയ്ക്കോ ഒപ്പം പനി, വിറയൽ, മൂത്രത്തിൽ രക്തം, വേദനയോടെയുള്ള മൂത്രമൊഴിക്കൽ അല്ലെങ്കിൽ തുടർച്ചയായ ഛർദ്ദിൽ എന്നിവയുണ്ടായാൽ ഉടനടി വൈദ്യസഹായം തേടേണ്ടതാണെന്ന് ഡോ. ഛാബ്ര പറഞ്ഞു. ഇവ വൃക്കയിലെ അണുബാധയുടെയോ വൃക്കയിലെ കല്ലിന്റെയോ ലക്ഷണങ്ങളാണ്.
“തീവ്രമായതോ വർദ്ധിച്ചുവരുന്നതോ ആയ വേദന, മൂത്രമൊഴിക്കാൻ കഴിയാത്ത അവസ്ഥ, ആശയക്കുഴപ്പം, ബോധക്ഷയം, നിർജ്ജലീകരണ ലക്ഷണങ്ങളോടൊപ്പമുള്ള ഛർദ്ദി, കാലുകൾക്ക് തളർച്ചയോ ജനനേന്ദ്രിയ ഭാഗത്ത് മരവിപ്പോ ഒപ്പമുള്ള നടുവേദന, കൂടാതെ മലമൂത്രവിസർജ്ജനത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെടൽ എന്നിവയുണ്ടായാൽ ഉടൻ തന്നെ വൈദ്യസഹായം ആവശ്യമാണ്,” ഡോ. ഛാബ്ര വിശദീകരിച്ചു.
നടുവേദനയും വൃക്കയിലെ വേദനയും എങ്ങനെ നിർണ്ണയിക്കാം?
ഒരു ആരോഗ്യ വിദഗ്ദ്ധൻ നിങ്ങളുടെ ലക്ഷണങ്ങൾ വിലയിരുത്തുകയും ബാധിത പ്രദേശം പരിശോധിക്കുകയും ചെയ്യും. സംശയിക്കപ്പെടുന്ന കാരണങ്ങളെ ആശ്രയിച്ച് മൂത്ര പരിശോധന, രക്തപരിശോധന അല്ലെങ്കിൽ അൾട്രാസൗണ്ട്, സി.ടി സ്കാൻ തുടങ്ങിയ സ്കാനിംഗുകൾ നിർദ്ദേശിച്ചേക്കാം.
ഡോക്ടറെ കാണാതെ സ്വന്തമായി രോഗനിർണ്ണയം നടത്താനോ വേദനസംഹാരികൾ കഴിക്കാനോ പാടില്ലെന്ന് ഡോ. ഛാബ്ര മുന്നറിയിപ്പ് നൽകുന്നു. കാരണം ചില മരുന്നുകൾ വൃക്കകൾക്ക് കേടുവരുത്താൻ സാധ്യതയുള്ളതിനാൽ ഇത് വൃക്കസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.