‘എന്റെ കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും മൂന്ന് ജീവനുകൾ നഷ്ടപ്പെട്ട സങ്കടവും എന്നെ ഒരുപോലെ വേട്ടയാടുന്നു; കുറച്ച് സ്വകാര്യത തരണം’: വൈകാരിക അഭ്യർത്ഥനയുമായി സുഹൈലിന്റെ ഉമ്മ
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് കുട്ടികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതികരിച്ച് പ്രതി സുഹൈലിന്റെ ഉമ്മയും ‘ഇഹാ ഡിസൈൻസ്’ ഉടമയുമായ നൂഹ സജീവ്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അവർ തന്റെ നിലപാട് വ്യക്തമാക്കിയത്. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച നൂഹ, തങ്ങൾക്കും കുടുംബത്തിനും കുറച്ച് സ്വകാര്യത അനുവദിക്കണമെന്നും അഭ്യർത്ഥിച്ചു.
“മക്കളെ സ്നേഹത്തോടെ വളർത്തി വലുതാക്കി, അവരുടെ സ്വപ്നങ്ങളുമായി മുന്നോട്ട് പോകുമ്പോൾ പെട്ടെന്ന് നഷ്ടപ്പെടുന്ന വേദന ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ഒരു അമ്മയെന്ന നിലയിലും സ്ത്രീ എന്ന നിലയിലും ആ കുടുംബങ്ങളുടെ തീരാദുഃഖം ഞാൻ മനസ്സിലാക്കുന്നു. വാക്കുകൾ കൊണ്ടും ആ ദുഃഖം കുറയ്ക്കാനാകില്ലെന്ന് അറിയാം. എങ്കിലും ആ കുട്ടികളുടെ വീട്ടുകാരോട് എൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു,” എന്ന് നൂഹ പറഞ്ഞു.
സംഭവത്തിൽ നിയമപരമായ അന്വേഷണം നടക്കട്ടെയെന്നും സത്യസന്ധമായ വിവരങ്ങൾ പുറത്തുവരട്ടെയെന്നും അവർ വ്യക്തമാക്കി. ഒപ്പം, തങ്ങൾക്കെതിരെ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകൾ അവസാനിപ്പിക്കണമെന്ന് നൂഹ ആവശ്യപ്പെട്ടു. “എന്റെ കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും മൂന്ന് ജീവനുകൾ നഷ്ടപ്പെട്ട സങ്കടവും എന്നെ ഒരുപോലെ വേട്ടയാടുന്നു. നാലുപേരടങ്ങുന്ന ഒരു സാധാരണ കുടുംബമാണ് ഞങ്ങളുടേത്. ഇതിനിടയിൽ കിടന്ന് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ഞങ്ങളും സാധാരണ മനുഷ്യരാണെന്ന പരിഗണന നൽകണം,” നൂഹ കൂട്ടിച്ചേർത്തു.
ഒരു അമ്മ എന്ന നിലയിലും സംരംഭക എന്ന നിലയിലും ദുരന്തത്തിന് ഇരയായ കുടുംബങ്ങൾക്ക് തങ്ങളും കുടുംബവും ഉള്ളിടത്തോളം കാലം പിന്തുണ നൽകുമെന്നും, ഈ വിഷമഘട്ടത്തിൽ മാധ്യമങ്ങളും സമൂഹവും തങ്ങളെ ഒഴിവാക്കി നൽകണമെന്നും അവർ അഭ്യർത്ഥിച്ചു.