19/10/2026
[fontresizer_tawhidurrahmandear_widget]

“യുവാക്കൾ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ഊർജ്ജസ്വലമായ ജനാധിപത്യത്തിന്റെ ലക്ഷണം”: ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

 “യുവാക്കൾ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ഊർജ്ജസ്വലമായ ജനാധിപത്യത്തിന്റെ ലക്ഷണം”: ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

ബെംഗളൂരു: സ്ഥാപനങ്ങളെ യുവാക്കൾ ചോദ്യം ചെയ്യുന്നത് ഊർജ്ജസ്വലമായ ഒരു ജനാധിപത്യത്തിന്റെ ആരോഗ്യകരമായ ലക്ഷണമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. ബെംഗളൂരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ 34-ാമത് ബിരുദദാനച്ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറയുടെ ഉത്കണ്ഠകളും പ്രതീക്ഷകളും കേൾക്കാൻ ജുഡീഷ്യറിയും തയ്യാറാകണം. യുവാക്കൾ ഭാവിയിലെ പൗരന്മാർ മാത്രമല്ല, വർത്തമാന കാലത്തെ സജീവ പങ്കാളികൾ കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിയോജിപ്പുകളെ ഒരിക്കലും ഭീഷണിയായി കാണരുത്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോഴും ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയാണ് നിലനിർത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുവേദികളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വിയോജിപ്പുകൾ പ്രകടിപ്പിക്കുന്ന യുവതലമുറയോട് നീതിന്യായ വ്യവസ്ഥ എങ്ങനെ പ്രതികരിക്കണം എന്ന ചോദ്യത്തിന്, തുറന്ന സംവാദങ്ങളും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലെ സുതാര്യതയുമാണ് അതിനുള്ള മറുപടിയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. യുവാക്കൾക്ക് അവരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും മനസ്സിലാക്കാൻ സഹായിക്കുന്ന നിയമ വിദ്യാഭ്യാസം അനിവാര്യമാണ്. എന്നാൽ, എല്ലാ പ്രശ്നങ്ങളും പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ കോടതിക്ക് പരിഹരിക്കാനാകില്ലെന്നും, ഭരണഘടന, നിയമം, തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ജഡ്ജിമാർ കേസുകളിൽ വിധി പറയുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

നിയമപഠനം എന്നത് ക്രിമിനൽ അല്ലെങ്കിൽ ഭരണഘടനാ നിയമങ്ങളുടെ തത്വങ്ങൾ പഠിക്കുന്നത് മാത്രമല്ല, വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള വ്യക്തികളെ അഭിമുഖീകരിക്കുക എന്നതുകൂടിയാണെന്ന് ബിരുദ വിദ്യാർഥികളോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. ബൗദ്ധിക സ്വാതന്ത്ര്യവും തുറന്ന ചർച്ചകളും എതിർ അഭിപ്രായങ്ങളെ ഉൾക്കൊള്ളാനുള്ള കഴിവും നിയമപഠനത്തിലൂടെ വളർത്തിയെടുക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.

ബിരുദദാനച്ചടങ്ങിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെയും ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്രയുടെയും സാന്നിധ്യത്തിനെതിരെ ഒരു വിഭാഗം വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും നേരത്തെ എതിർപ്പുകൾ ഉന്നയിച്ചിരുന്നു. ഇതിനെത്തുടർന്ന് ചടങ്ങ് നടക്കുമോ എന്നതിൽ അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും, പിന്നീട് പരിപാടി സുഗമമായി നടക്കുകയായിരുന്നു. സത്യസന്ധതയും പ്രൊഫഷണൽ ധാർമ്മികതയും കാത്തുസൂക്ഷിക്കണമെന്നും, എളുപ്പവഴികൾ തിരഞ്ഞെടുക്കാൻ പ്രലോഭനമുണ്ടാകുമ്പോൾ പഠിച്ച മൂല്യങ്ങൾ മുറുകെ പിടിക്കണമെന്നും ബിരുദം നേടിയ വിദ്യാർത്ഥികളോട് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. ചടങ്ങിൽ കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ, ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, രംഗ ശങ്കര സഹസ്ഥാപക അരുന്ധതി നാഗ് തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.

Also read: