തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് കോഡിൽ പശ്ചിമ ബംഗാളിന് മാത്രം പ്രത്യേക നിയന്ത്രണങ്ങൾ; ഓഡിറ്റ് റിപ്പോർട്ടിൽ വെളിപ്പെടുത്തൽ
ന്യൂഡൽഹി: ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പോർട്ടലായ ഇ.സി.ഐ നെറ്റിൽ പശ്ചിമ ബംഗാളിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കും അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കും മാത്രം ബാധകമാകുന്ന ചില നിയന്ത്രണങ്ങളുണ്ടെന്ന് കണ്ടെത്തൽ. സിവിക്ടെക് സംരംഭമായ ‘ചർച്ചാഗ്രാം’ പോർട്ടലിന്റെ പബ്ലിക് കോഡിൽ നടത്തിയ സ്വതന്ത്ര ഓഡിറ്റിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ഒക്ടോബർ രണ്ട്, ആറ്, ഏഴ്, ഒമ്പത് തീയതികളിൽ ചർച്ചാഗ്രാം ഡാറ്റാ സയന്റിസ്റ്റ് സൗരവ് രാജ്പുത് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മറ്റ് സംസ്ഥാനങ്ങളിലെ ഇ.ആർ.ഒമാർക്കും എ.ഇ.ആർ.ഒമാർക്കും ലഭ്യമായ സൗകര്യങ്ങൾ പശ്ചിമ ബംഗാളിലെ ഉദ്യോഗസ്ഥർക്ക് ഉപയോഗിക്കാൻ കഴിയാത്ത വിധത്തിലാണ് വെബ്സൈറ്റ് കോഡിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ‘വ്യൂ എന്യൂമറേഷൻ ഫോം ഡീറ്റെയിൽസ്’, ‘നോട്ടീസ് ആൻഡ് ഹിയറിങ് ഡാഷ്ബോർഡ്’ എന്നീ രണ്ട് പ്രധാന ഫീച്ചറുകൾ ആക്സസ് ചെയ്യുന്നതിൽ നിന്നാണ് പശ്ചിമ ബംഗാളിലെ ഉദ്യോഗസ്ഥരെ തടയുന്നതിനുള്ള ഓപ്ഷൻ കോഡിലുള്ളത്. വോട്ടർമാരുടെ പേരുകൾ, ഐ.ഡി നമ്പരുകൾ, അപ്ലോഡ് ചെയ്ത രേഖകൾ, ബൂത്ത് തല ഓഫീസറുടെ ശുപാർശകൾ എന്നിവ പരിശോധിക്കാനാണ് ‘വ്യൂ എന്യൂമറേഷൻ ഫോം ഡീറ്റെയിൽസ്’ പേജ് ഉപയോഗിക്കുന്നത്. അതുപോലെ, വോട്ടർ രജിസ്ട്രേഷനും വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട നോട്ടീസുകളും ഹിയറിങ്ങുകളും ട്രാക്ക് ചെയ്യുന്നതാണ് ‘നോട്ടീസ് ആൻഡ് ഹിയറിങ് ഡാഷ്ബോർഡ്’. ഇതിനുപുറമെ, രേഖകൾ, ഹിയറിങ് ഓർഡറുകൾ, ഫോമുകൾ ബ്ലോക്ക് ലെവൽ ഓഫീസർക്ക് തിരിച്ചയക്കാനോ ഫ്ലാഗ് ചെയ്യാനോ ഉള്ള ബട്ടണുകളും ഇതിൽ ലഭ്യമാണ്. സെപ്റ്റംബർ 28 മുതലെങ്കിലും ഈ ഫീച്ചർ ആപ്പിൽ ലഭ്യമായിരുന്നെന്നും, മുൻപത്തെ പതിപ്പുകളിൽ ഇത് ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും സൗരവ് രാജ്പുത് പറഞ്ഞു. വെബ്സൈറ്റിൽ പരസ്യമായി ലഭ്യമാക്കിയ ഫ്രണ്ട് എൻഡ് ജാവാസ്ക്രിപ്റ്റ് ബണ്ടിലിൽ മാത്രമാണ് പരിശോധന നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട നടപടികളിൽ ഏറ്റവും കൂടുതൽ വിവാദമുണ്ടാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമ ബംഗാൾ. 17.1 ലക്ഷം ആളുകളെയാണ് ഇവിടെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇ.ആർ.ഒമാരായി നിയമിക്കേണ്ട ഉദ്യോഗസ്ഥരുടെ പദവിയെച്ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് ഹിയറിങ്ങുകൾ നീണ്ടുപോയിരുന്നു. ഒഴിവാക്കപ്പെട്ടവരിൽ അപ്പീൽ നൽകിയ 22 ലക്ഷം പേരിൽ വെറും 1607 പേരെ മാത്രമാണ് തെരഞ്ഞെടുപ്പിന് മുൻപ് വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തിയത്. സെപ്റ്റംബറോടെ തീർപ്പാക്കിയ 1.26 ലക്ഷം അപ്പീലുകളിൽ ഏകദേശം 93 ശതമാനത്തിലും വോട്ടർമാരെ തിരികെ പട്ടികയിലേക്ക് കൊണ്ടുവന്നത്, വോട്ടെടുപ്പിന് മുൻപ് വോട്ടവകാശം നിഷേധിക്കപ്പെട്ടവരുടെ എണ്ണത്തിന്റെ വ്യാപ്തി സൂചിപ്പിക്കുന്നു.
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മനോജ് അഗർവാളിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര രംഗത്തെത്തി. മനോജ് അഗർവാൾ ഒരു ‘വോട്ട് കള്ളനും നുണയനുമാണെന്ന്’ മഹുവ മൊയ്ത്ര എക്സിൽ കുറിച്ചു. താൻ തെളിവുകളൊന്നും നൽകിയിട്ടില്ലെന്നാണ് അദ്ദേഹം കോടതിയിൽ അവകാശപ്പെട്ടതെന്നും, ലക്ഷക്കണക്കിന് ആളുകളുടെ വോട്ടവകാശം നിഷേധിച്ചയാളാണ് അദ്ദേഹമെന്നും അവർ ആരോപിച്ചു. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇ.ആർ.ഒമാർക്ക് പോർട്ടൽ ആക്സസ് ചെയ്യാൻ കഴിയുന്നില്ലെന്ന കാര്യം അദ്ദേഹത്തോട് നേരിട്ട് പറഞ്ഞിരുന്നെങ്കിലും അദ്ദേഹം അത് പരിഹസിച്ചു തള്ളുകയാണുണ്ടായതെന്നും മഹുവ മൊയ്ത്ര കുറ്റപ്പെടുത്തി.