പത്തനംതിട്ടയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; മൂന്നിടങ്ങളിൽ സംഭവം, പൊലീസ് അന്വേഷണം ഊർജിതമാക്കി
പത്തനംതിട്ട: ജില്ലയിൽ മൂന്നിടങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി. അടൂർ പഴകുളം, കൊടുമൺ അങ്ങാടിക്കൽ, പന്തളം എന്നിവിടങ്ങളിലാണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് പ്രദേശവാസികളും രക്ഷിതാക്കളും വലിയ ഭീതിയിലാണ്.
അടൂർ പഴകുളത്ത് കെഐബി കനാൽ റോഡിലൂടെ മദ്രസ പഠനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒൻപത് വയസ്സുള്ള രണ്ട് പെൺകുട്ടികളെ വെള്ള കാറിലെത്തിയ സ്ത്രീയും പുരുഷനുമടങ്ങുന്ന സംഘമാണ് തടഞ്ഞുനിർത്തിയത്. മാതാപിതാക്കളെ അറിയാമെന്നും വീട്ടിൽ കൊണ്ടാക്കാമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടികളെ വാഹനത്തിലേക്ക് നിർബന്ധിച്ച് കയറ്റാൻ ശ്രമിക്കുകയായിരുന്നു. കുട്ടികൾ ഭയന്ന് പിന്മാറിയെങ്കിലും സംഘം സമ്മർദ്ദം തുടർന്നു. എന്നാൽ തൊട്ടടുത്ത വീട്ടിലെ സ്ത്രീ ബഹളം വെച്ചതോടെ സംഘം കാറുമായി രക്ഷപ്പെട്ടു.
ഇതേ സംഘം തന്നെയാണ് കൊടുമൺ അങ്ങാടിക്കലിൽ സ്കൂളിൽ പോകാൻ നിൽക്കുകയായിരുന്ന അഞ്ചാം ക്ലാസുകാരനെയും സമാന രീതിയിൽ കാറിൽ കയറ്റാൻ ശ്രമിച്ചതെന്നാണ് വിവരം. കുട്ടി വാഹനത്തിൽ കയറാത്തതിനാൽ അപകടം ഒഴിവായി. സംഭവത്തിൽ അടൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ, പന്തളത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ ഒന്നരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടികളുടെയും ദൃക്സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തിയതായും പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന പുരോഗമിക്കുന്നത്.