LPST പ്രതിഷേധം: സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തിൽ കേസെടുത്ത് പൊലീസ്; വളർമതി ഒന്നാം പ്രതി, 58 പേർക്കെതിരെ കേസ്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തു. സമരസമിതി നേതാവ് വളർമതിയെ ഒന്നാം പ്രതിയാക്കിയാണ് നടപടി. സമരപ്പന്തലിൽ മുപ്പതോളം പേർ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും 58 പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ കണ്ടാലറിയാവുന്ന എട്ടുപേരും കണ്ടാലറിയാത്ത 50 പേരുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
സെക്രട്ടേറിയറ്റിൻ്റെ മെയിൻ ഗേറ്റിനു മുന്നിൽ പ്രതിഷേധ ജാഥ നടത്തുകയും മുദ്രാവാക്യം വിളിച്ച് പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ ആരോപിക്കുന്നത്. സമരത്തിനിടെ വളർമതി തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. എന്നാൽ വഴിതടഞ്ഞ് പ്രതിഷേധിച്ചിട്ടില്ലെന്നും സുരക്ഷയ്ക്കെന്ന പേരിൽ പേരുകൾ ശേഖരിച്ച ശേഷം പൊലീസ് കള്ളക്കേസെടുക്കുകയായിരുന്നുവെന്നും വളർമതി പ്രതികരിച്ചു. വിദ്യാർഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്നും സമരം തുടരുമെന്നും അവർ വ്യക്തമാക്കി.
അതേസമയം, റാങ്ക് ഹോൾഡേഴ്സുമായി സർക്കാർ എട്ടുതവണ ചർച്ച നടത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഉന്നയിച്ച അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണത്തിലും ഉറപ്പ് നൽകിയിട്ടുണ്ടെന്നും അധ്യാപക അനുപാതം കുറച്ചുള്ള നിയമനം എങ്ങനെയെന്ന് നടപ്പാക്കാനാകുമെന്നും അദ്ദേഹം നിയമസഭയിൽ ചോദിച്ചു. സമരത്തിൽ പങ്കെടുത്ത കുട്ടി തലമുണ്ഡനം ചെയ്തതിൽ വിഷമമുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറയുകയുണ്ടായി.