‘രാജ്യം നിശബ്ദമായിരിക്കില്ലെന്ന് വോട്ട് മോഷ്ടാക്കളോട് പറയുക’; ഇന്ത്യ മുന്നണിയുടെ മഹാറാലിയിൽ പങ്കെടുക്കാന് ആഹ്വാനം ചെയ്ത് പ്രകാശ് രാജ്
പ്രകാശ് രാജ്
മംഗളൂരു: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കാനും എസ്.ഐ.ആർ നടപടികൾ ഒഴിവാക്കാനും ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി നാളെ (നവംബർ ഒന്ന്, ഞായർ) ഡൽഹി രാംലീല മൈതാനത്ത് സംഘടിപ്പിക്കുന്ന മഹാ റാലിയിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് പ്രകാശ് രാജ്. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
ഈ രാജ്യം നിശബ്ദരായിരിക്കില്ലെന്ന് ആ വോട്ട് മോഷ്ടാക്കളോട് പറയുക എന്നത് പ്രധാനമാണെന്ന് പ്രകാശ് രാജ് വീഡിയോയിൽ പറഞ്ഞു. ‘നിങ്ങൾ എന്റെ വോട്ടിനെ മോഷ്ടിച്ച് കളഞ്ഞല്ലോ’ എന്ന് അർത്ഥം വരുന്ന ഒരു പാരഡി പാട്ട് പാടിയാണ് പ്രകാശ് രാജിന്റെ വീഡിയോ ആരംഭിക്കുന്നത്.
പ്രകാശ് രാജിന്റെ വാക്കുകൾ:
“നാളെ ഡൽഹിയിൽ വലിയൊരു പ്രതിഷേധ മാർച്ച് നടക്കും. ധാരാളം യുവാക്കളും വിവിധ സംഘടനകളും ഇന്ത്യ മുന്നണി നയിക്കുന്ന ആ മാർച്ചിൽ പങ്കെടുക്കും. ഗ്യാനേഷ് കുമാറിനെ പുറത്താക്കാനും എസ്.ഐ.ആർ ഒഴിവാക്കാനും ആവശ്യപ്പെട്ടാണ് സമാധാനപരമായ റാലി സംഘടിപ്പിക്കുന്നത്. ഇത് രാജ്യസ്നേഹികളെ മാത്രം പങ്കെടുക്കാൻ അനുവദിക്കുന്ന പ്രതിഷേധമാണ്. എല്ലാ ദേശ ഭക്തരെയും പങ്കെടുക്കാനായി വിളിക്കുന്നു. ഭരണഘടനയെ സംരക്ഷിക്കാൻ, ജനാധിപത്യത്തെ സംരക്ഷിക്കാൻ, നമ്മുടെ വോട്ടവകാശം സംരക്ഷിക്കാൻ,”
പ്രതിഷേധത്തിനായി വലിയ കൂട്ടങ്ങളായി വരണമെന്ന് പ്രകാശ് രാജ് പറഞ്ഞു. ഈ രാജ്യം വോട്ടവകാശവും ജനാധിപത്യ അവകാശങ്ങളും വീണ്ടെടുക്കും. ഇന്ന് ഞാൻ ഒരു എസ്.ഐ.ആർ പ്രതിഷേധത്തിനായി മംഗലൂരുവിലാണ്. നാളെ ഞാൻ പ്രതിഷേധത്തിനായി ഡൽഹിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.