‘ഗ്യാനേഷിനെ മോദിയും അമിത് ഷായും ഒളിപ്പിക്കുന്നു, ഭൂമിക്കടിയിലാണെങ്കിലും വലിച്ച് പുറത്തിടും’; തെരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കും വരെ വിശ്രമമില്ലെന്ന് ഖാർഗെ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത് വരെ ഇന്ത്യ സഖ്യം പോരാട്ടം തുടരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹി ചലോ റാലിയെ രാംലീല മൈതാനിയിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്യാനേഷ് കുമാറിനെ ഒളിപ്പിക്കാൻ പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കിണഞ്ഞ് പരിശ്രമിക്കുകയാണെന്നും, എന്നാൽ ഭൂമിക്കടിയിൽ ഒളിച്ചാലും അദ്ദേഹത്തെ വലിച്ചുപുറത്തിടാനുള്ള ശേഷി തങ്ങളുടെ പ്രവർത്തകർക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഖാർഗെ പ്രസംഗത്തിൽ ഉന്നയിച്ചത്. യുവാക്കളുടെയും സ്ത്രീകളുടെയും ദലിതരുടെയും വോട്ടവകാശം തട്ടിയെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ബിജെപി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയാൽ മാത്രമേ രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടുകയുള്ളൂ. സി.ബി.ഐ, ഇ.ഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്ന് മോദിയും അമിത് ഷായും കരുതേണ്ടെന്നും, ഇന്ത്യ മുന്നണി നേതാക്കൾ ഭയപ്പെടുന്നവരല്ല, പോരാടുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ജനങ്ങളല്ല മോദിയെ തെരഞ്ഞെടുക്കുന്നതെന്നും, മറിച്ച് മോദി തനിക്ക് വോട്ട് ചെയ്യേണ്ട വോട്ടർമാരെ സ്വയം തെരഞ്ഞെടുക്കുകയാണെന്നും ഖാർഗെ കുറ്റപ്പെടുത്തി. കള്ളന്മാരുടെ ഭരണകൂടങ്ങളെ ജനങ്ങൾ അധികാരത്തിൽ നിന്ന് തൂത്തെറിയണമെന്നും, ‘മോദിയെ മാറ്റൂ, ജനാധിപത്യം സംരക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി ജനങ്ങൾ ഒന്നടങ്കം പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യ സഖ്യത്തിന്റെ മഹാറാലിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയത്. സോണിയ ഗാന്ധി, മമത ബാനർജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, എം.എ ബേബി തുടങ്ങി പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളെല്ലാം റാലിയിൽ അണിനിരന്നു. ബംഗാളിൽ ബി.ജെ.പി വോട്ട് കൊള്ള നടത്തിയാണ് വിജയിച്ചതെന്നും ഇത് രാജ്യത്ത് ആവർത്തിക്കാൻ അനുവദിക്കില്ലെന്നും മമത ബാനർജി പറഞ്ഞു. രാമക്ഷേത്രം കൊള്ളയടിച്ച ബി.ജെ.പി ഇനി അധികാരത്തിൽ എത്തില്ലെന്ന് അഖിലേഷ് യാദവും, ശകുനിമാർ തെറ്റായ കളി കളിക്കുമ്പോൾ മഹാഭാരത യുദ്ധം നടത്തേണ്ട സാഹചര്യമാണെന്ന് തേജസ്വി യാദവും പ്രസംഗിച്ചു.