അശ്വതിയുടെ കുടുംബത്തിന് താങ്ങായി എം.എ യൂസഫലി; 35 ലക്ഷം ലോൺ കുടിശ്ശിക അടച്ചുതീർത്തു, വീടിന്റെ ജപ്തി ഒഴിവാക്കി
കണ്ണൂർ: ലോൺ കുടിശ്ശികയെ തുടർന്ന് വീട് ജപ്തിയിലായ മുൻ സംസ്ഥാന ത്രോബോൾ താരം അശ്വതിക്കും കുടുംബത്തിനും താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ജപ്തി ചെയ്ത വീടിന് ചേർന്നുള്ള ഷെഡിൽ രോഗികളായ കുടുംബാംഗങ്ങളോടും രണ്ട് പിഞ്ചുകുഞ്ഞുങ്ങളോടും ഒപ്പം കഴിയുന്ന കുടുംബത്തിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ ഇടപെടൽ. പലിശയും കൂട്ടുപലിശയും അടക്കം 34,53,387 രൂപയുടെ വായ്പാ കുടിശ്ശിക മുഴുവനായും യൂസഫലി അടച്ചുതീർത്തു.
ഇന്നലെ രാത്രി ലണ്ടനിൽ നിന്നുള്ള യാത്രയ്ക്കിടെയാണ് യൂസഫലി വാർത്ത കാണുന്നതെന്ന് ലുലു ഗ്രൂപ്പ് മീഡിയ മാനേജർ എൻ.ബി സ്വരാജ് അറിയിച്ചു.
“വാർത്ത കണ്ടതിന് പിന്നാലെ, ബാങ്ക് ബാധ്യത തീർത്ത് ഇന്ന് തന്നെ ഇവരെ വീട്ടിൽ കയറ്റണമെന്ന് രാത്രി രണ്ടുമണിയോടെ വാട്സ്ആപ്പിൽ സന്ദേശമയച്ചു. ഇന്ന് ഉച്ച കഴിഞ്ഞതോടെ ലോൺ കുടിശ്ശിക മുഴുവൻ യൂസഫലി കൊടുത്തുതീർത്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നുതന്നെ അവർക്ക് വീട്ടിൽ കയറാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് കഴിഞ്ഞില്ലെങ്കിൽ നാളെ രാവിലെ തന്നെ ചാവി കൈമാറും”— എന്ന് സ്വരാജ് പറഞ്ഞു.
ഏഴു വർഷത്തോളം കേരളത്തിനായി ദേശീയ ത്രോബോൾ മത്സരങ്ങളിൽ കളിച്ച താരം അശ്വതിയുടെ കുടുംബത്തിന് രോഗങ്ങളും അപകടങ്ങളും കാരണമാണ് വായ്പാ തിരിച്ചടവ് മുടങ്ങിയത്. ഭർതൃമാതാവ് സുനില ഭൂമി പണയപ്പെടുത്തി 15 ലക്ഷം രൂപ വായ്പയെടുത്ത് വീടുപണി ആരംഭിച്ചെങ്കിലും, ഭർതൃപിതാവ് തോമസിന് വിഷം തീണ്ടിയതും സുനിലയ്ക്ക് വൃക്കരോഗം ബാധിച്ചതും ഭർത്താവ് നിതിന് അപകടത്തിൽ പരിക്കേറ്റതും തിരിച്ചടിയായി. ഇതോടെ തിരിച്ചടവ് മുടങ്ങി 15 ലക്ഷത്തിന്റെ കടം 34 ലക്ഷത്തിലേറെയായി ഉയരുകയും ബാങ്ക് വീട് ജപ്തി ചെയ്യുകയുമായിരുന്നു.
ജപ്തിയെ തുടർന്ന് ആറുവയസ്സുകാരി ആകൃതയും രണ്ടുവയസ്സുകാരി ആമിയയും ഉൾപ്പെടെ ആറുപേരടങ്ങുന്ന കുടുംബം വീടിനോട് ചേർന്നുള്ള ഒറ്റമുറി ഷെഡിലേക്ക് മാറുകയായിരുന്നു. 35 സെന്റ് സ്ഥലവും വീടും ലേലം ചെയ്യാൻ ബാങ്ക് നീക്കം നടത്തുന്നതിനിടെയാണ് യൂസഫലി തുകയടച്ച് കുടുംബത്തിന് താക്കോൽ കൈമാറാൻ വഴിയൊരുക്കിയത്.