കണ്ണൂരിൽ കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തി; പെൺകുട്ടി അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിൽ
കണ്ണൂർ: കൂത്തുപറമ്പിൽനിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തി. പെൺകുട്ടി അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിലായിരുന്നുവെന്നാണ് പോലീസിൽനിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. കൂത്തുപറമ്പ് സ്വദേശിനിയായ റിംസ മെഹ്റിനെയാണ് കഴിഞ്ഞ ദിവസം കാണാതായത്.
വിദ്യാർഥിനിയെ കണ്ടെത്താൻ സഹായം തേടി ബന്ധുക്കൾ കൂത്തുപറമ്പ് പോലീസിനെ സമീപിക്കുകയായിരുന്നു. ഇതേത്തുടർന്ന് സമൂഹമാധ്യമങ്ങളിലടക്കം കുട്ടിയെ കാണാതായ വിവരം വ്യാപകമായി പ്രചരിച്ചിരുന്നു.
പോലീസും ബന്ധുക്കളും തിരച്ചിൽ ശക്തമാക്കുന്നതിനിടെയാണ് കുട്ടി സുരക്ഷിതയായി അഞ്ചരക്കണ്ടിയിലുണ്ടെന്ന ആശ്വാസവാർത്തയെത്തുന്നത്. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു റിംസ മെഹ്റിൻ.