24/11/2026
[fontresizer_tawhidurrahmandear_widget]

‘സ്വന്തം വീട്ടിൽ സമാധാനം വേണം’; 85-കാരന്റെ പരാതിയിൽ മകനോടും മരുമകളോടും വീടൊഴിയാൻ ഉത്തരവിട്ട് ഹൈക്കോടതി

 ‘സ്വന്തം വീട്ടിൽ സമാധാനം വേണം’; 85-കാരന്റെ പരാതിയിൽ മകനോടും മരുമകളോടും വീടൊഴിയാൻ ഉത്തരവിട്ട് ഹൈക്കോടതി

ന്യൂഡൽഹി: 85-ാം വയസ്സിൽ സ്വന്തം വീട്ടിൽ സ്വസ്ഥതയോടെയും സമാധാനത്തോടെയും ജീവിക്കാൻ ആഗ്രഹിച്ച വയോധികന് അനുകൂലമായി ഡൽഹി ഹൈക്കോടതിയുടെ സുപ്രധാന വിധി. വയോധികന്റെ പരാതിയിൽ മൂത്തമകനോടും ഭാര്യയോടും നാലാഴ്ചയ്ക്കുള്ളിൽ വീടൊഴിഞ്ഞു പോകാൻ കോടതി നിർദ്ദേശിച്ചു.

തന്റെ അനുവാദമില്ലാതെ മൂത്തമകനും ഭാര്യയും വീട്ടിൽ താമസിക്കുകയാണെന്നും തന്നെ ഉപദ്രവിക്കുകയാണെന്നും ചൂണ്ടിക്കാട്ടി വയോധികൻ ആദ്യം ജില്ലാ മജിസ്ട്രേറ്റിനെയാണ് സമീപിച്ചത്. എന്നാൽ, കുടുംബം ഇദ്ദേഹത്തെ ഉപദ്രവിച്ചതിന് തെളിവില്ലെന്നും, ബിസിനസ് തർക്കം തീർക്കാനായി മക്കളെ വീട്ടിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും നിരീക്ഷിച്ച ജില്ലാ മജിസ്ട്രേറ്റ് ആവശ്യം തള്ളുകയായിരുന്നു. ഇതിനെത്തുടർന്നാണ് വയോധികൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

നവംബർ 20-ന് ജസ്റ്റിസ് അമിത് മഹാജനാണ് കേസിൽ സുപ്രധാന വിധി പുറപ്പെടുവിച്ചത്. വയോധികനെ സ്വന്തം വീട് പങ്കുവെക്കാൻ മക്കൾക്ക് നിർബന്ധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇരുകൂട്ടരും തമ്മിലുള്ള ബന്ധം 2022 മുതൽ വഷളാണെന്നും അന്നുമുതൽ വയോധികൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നെന്നും കോടതി നിരീക്ഷിച്ചു. 85 വയസ്സായെങ്കിലും സ്വന്തം വീട്ടിൽ അന്തസ്സോടെ ജീവിക്കാൻ വയോധികന് അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇവർ തമ്മിൽ ബിസിനസ് തർക്കമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും, അഥവാ തർക്കമുണ്ടെങ്കിൽ പോലും വയോധികന്റെ വീട്ടിൽ അനുവാദമില്ലാതെ താമസിക്കാൻ മക്കൾക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്ന് മകനോടും മരുമകളോടും വീടൊഴിയാൻ നോട്ടീസ് നൽകാനും, നാലാഴ്ചയ്ക്കുള്ളിൽ വീട് വിട്ടുനൽകാനും കോടതി ഉത്തരവിട്ടു.

Also read: