‘കരട് ഭരണഘടന സുഗമമായി പാസാക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും കോൺഗ്രസിന്’; അംബേദ്കറുടെ ചരിത്രപ്രസംഗം ഓർമ്മിപ്പിച്ച് ജയറാം രമേശ്
ന്യൂഡൽഹി: ഭരണഘടനാ ദിനത്തിന് തലേന്ന് ഡോ. ബി.ആർ. അംബേദ്കറുടെ 1949-ലെ ചരിത്രപ്രസംഗം ഓർമ്മിപ്പിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. കരട് ഭരണഘടന അംഗീകരിക്കുന്നതിനായി അവതരിപ്പിച്ചുകൊണ്ട് അംബേദ്കർ നടത്തിയ പ്രസംഗം മഹത്തരവും എല്ലാ കാലത്തേക്കും പ്രസക്തവുമാണ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ജയറാം രമേശ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചത്.
ഭരണഘടനാ നിർമ്മാണ സഭയുടെ നടപടികൾ ക്രമസമാധാനത്തോടെയും അച്ചടക്കത്തോടെയും മുന്നോട്ട് കൊണ്ടുപോകുന്നതിൽ കോൺഗ്രസ് പാർട്ടി വഹിച്ച നിർണ്ണായക പങ്കിനെ അംബേദ്കർ തന്റെ പ്രസംഗത്തിൽ പ്രശംസിച്ചിരുന്നതായി ജയറാം രമേശ് ചൂണ്ടിക്കാട്ടി. സഭയ്ക്കുള്ളിലെ കോൺഗ്രസ് പാർട്ടിയുടെ സാന്നിധ്യം മൂലം അരാജകത്വത്തിനുള്ള സാധ്യത പൂർണ്ണമായും ഇല്ലാതായെന്നും, സഭയുടെ നടപടികളിലേക്ക് അച്ചടക്കവും ക്രമവും കൊണ്ടുവന്നത് കോൺഗ്രസാണെന്നും അംബേദ്കർ പറഞ്ഞിരുന്നു. കരട് ഭരണഘടന സഭയിൽ സുഗമമായി പാസാക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും കോൺഗ്രസ് പാർട്ടിക്ക് അവകാശപ്പെട്ടതാണെന്ന അംബേദ്കറുടെ വാക്കുകളും ജയറാം രമേശ് കുറിപ്പിൽ ഉദ്ധരിച്ചു.
‘സഭയ്ക്കുള്ളിലെ കോൺഗ്രസ് പാർട്ടിയുടെ സാന്നിധ്യം മൂലം അരാജകത്വത്തിനുള്ള സാധ്യത പൂർണമായും ഇല്ലാതായി. സഭയുടെ നടപടികളിലേക്ക് അച്ചടക്കവും ക്രമവും കൊണ്ടുവന്നത് കോൺഗ്രസാണ്. കരട് ഭരണഘടന സഭയിൽ സുഗമമായി പാസാക്കിയതിൻ്റെ മുഴുവൻ ക്രെഡിറ്റും കോൺഗ്രസ് പാർട്ടിക്ക് അവകാശപ്പെട്ടതാണ്’ എന്നായിരുന്നു അംബേദ്കറുടെ വാക്കുകൾ.
ജനാധിപത്യം അതിന്റെ ബാഹ്യരൂപം നിലനിർത്തിക്കൊണ്ടുതന്നെ ഏകാധിപത്യത്തിലേക്ക് വഴിമാറാനുള്ള സാധ്യതയെക്കുറിച്ച് അംബേദ്കർ നൽകിയ മുന്നറിയിപ്പുകളും ജയറാം രമേശ് പങ്കുവെച്ചു. രാഷ്ട്രീയത്തിലെ ‘വ്യക്തിപൂജ’ അധഃപതനത്തിലേക്കും ആത്യന്തികമായി ഏകാധിപത്യത്തിലേക്കുമുള്ള ഉറപ്പായ വഴിയാണെന്ന് അംബേദ്കർ മുന്നറിയിപ്പ് നൽകിയിരുന്നു. ജനാധിപത്യത്തെ കേവലം രൂപത്തിൽ മാത്രമല്ല, യാഥാർത്ഥ്യത്തിലും നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യങ്ങൾ നേടുന്നതിന് ഭരണഘടനാപരമായ മാർഗ്ഗങ്ങൾ മുറുകെ പിടിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു.
1950 ജനുവരി 26-ന് ഭരണഘടന നിലവിൽ വരുന്നതോടെ ഇന്ത്യ വൈരുദ്ധ്യങ്ങളുടെ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കുമെന്ന് അംബേദ്കർ അന്ന് പ്രവചിച്ചിരുന്നു. രാഷ്ട്രീയത്തിൽ ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്ന തത്വം ഉയർത്തിപ്പിടിക്കുമ്പോഴും, രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടന ‘ഒരു വ്യക്തി, ഒരു മൂല്യം’ എന്ന തത്വത്തെ നിഷേധിക്കുന്നത് തുടരുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഈ വൈരുദ്ധ്യം എത്രയും വേഗം ഇല്ലാതാക്കണമെന്നും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ അവിഭാജ്യ ഘടകങ്ങളാണെന്നും അംബേദ്കർ വ്യക്തമാക്കിയിരുന്നു. 1949 നവംബർ 26-ന് ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായാണ് രാജ്യം നവംബർ 26-ന് ഭരണഘടനാ ദിനം ആചരിക്കുന്നത്.