‘വടക്കഞ്ചേരിയില്‍ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച് കേസെടുക്കാതെ വിട്ടയച്ചു’; വടകര ഡിവൈഎസ്പി ഉമേഷിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍
തിരുവനന്തപുരം/കോഴിക്കോട്: വടകര ഡിവൈഎസ്പി എ. ഉമേഷിനെതിരെ വീണ്ടും ഗുരുതര കണ്ടെത്തലുകളുമായി അന്വേഷണ റിപ്പോർട്ട്. വടക്കഞ്ചേരിയിൽ സർവീസിൽ ഉണ്ടായിരുന്ന കാലത്ത് കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച ശേഷം വിട്ടയച്ചു എന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഡിവൈഎസ്പി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് കൈമാറും. (More sexual abuse allegations against Vatakara DySP Umesh misusing women in custody)
വടക്കഞ്ചേരി സിഐ ആയിരുന്നപ്പോഴാണ് കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച്, കേസെടുക്കാതെ ഉമേഷ് വിട്ടയച്ചെന്ന് കണ്ടെത്തൽ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി എ. ഉമേഷിനെതിരെ ഉടൻ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യുമെന്നാണ് സൂചന. യുവതിയെ കേസിൽ നിന്നൊഴിവാക്കാമെന്ന് വാഗ്ദാനം നൽകി പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്.
കോഴിക്കോട്ട് അനാശാസ്യക്കേസിൽ കസ്റ്റഡിയിലെടുത്ത യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്ന റിപ്പോർട്ടിന് പിന്നാലെയാണ് ഉമേഷിനെതിരെ ഗുരുതരമായ കൂടുതൽ വെളിപ്പെടുത്തലുകൾ വരുന്നത്. ചെർപ്പുളശ്ശേരി സിഐ ആയിരുന്ന ബിനു തോമസിൻ്റെ ആത്മഹത്യാക്കുറിപ്പിലൂടെയായിരുന്നു പീഡനവിവരം ആദ്യം പുറത്തുവന്നത്. ഈ വിഷയത്തിൽ ഡിവൈഎസ്പി തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബിനു തോമസ് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
തുടർന്ന് പാലക്കാട് എസ്പി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ സ്ഥിരീകരിച്ചത്. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി എ. ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.