‘എല്ലാ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ്’ കേന്ദ്രസർക്കാർ നിർദ്ദേശം ആപ്പിൾ അംഗീകരിക്കില്ലെന്ന് റിപ്പോർട്ട്
സൈബർ സുരക്ഷാ ആപ്പായ ‘സഞ്ചാർ സാഥി’ രാജ്യത്ത് വിൽക്കുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന കേന്ദ്ര സർക്കാരിന്റെ ഉത്തരവ് പാലിക്കില്ലെന്ന് പ്രമുഖ ടെക് ഭീമനായ ആപ്പിൾ തീരുമാനിച്ചതായി റിപ്പോർട്ട്. ഐഒഎസ് സുരക്ഷയും സ്വകാര്യതാ ലംഘന ആശങ്കകളും മുൻനിർത്തിയാണ് തീരുമാനമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സുരക്ഷ ഉറപ്പാക്കുകയാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസർക്കാർ പറയുമ്പോൾ ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ഐ.ഒ.എസ്. സുരക്ഷ, ഉപയോക്തൃ സ്വകാര്യത എന്നിവയെക്കുറിച്ചുള്ള ആശങ്കകളാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവിനോട് നോ പറയാൻ ആപ്പിളിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലോകത്ത് ഒരിടത്തും സമാനമായ പ്രീ-ലോഡിംഗ് നിർദ്ദേശങ്ങൾ ആപ്പിൾ അംഗീകരിച്ചിട്ടില്ല. ഈ നീക്കം ലക്ഷക്കണക്കിന് ഉപകരണങ്ങളെ അപകടത്തിലാക്കിയേക്കാവുന്ന സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിയമപരമായ നടപടികളിലേക്ക് കടക്കാതെ സ്വകാര്യമായി സർക്കാറിനെ തങ്ങളുടെ എതിർപ്പുകൾ അറിയിക്കാനാണ് ആപ്പിളിന്റെ പദ്ധതി.
പുതിയ മൊബൈൽ ഹാൻഡ്‌സെറ്റുകൾ നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്ന കമ്പനികൾ 90 ദിവസത്തിനകം സഞ്ചാർ സാഥി ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്നായിരുന്നു ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (ഡി.ഒ.ടി.) നവംബർ 28-ന് പുറത്തിറക്കിയ രഹസ്യ ഉത്തരവ്. വിറ്റുകഴിഞ്ഞ ഉപകരണങ്ങളിൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ വഴി ആപ്പ് എത്തിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഫോൺ ആദ്യമായി സെറ്റപ്പ് ചെയ്യുമ്പോൾ തന്നെ ആപ്പ് എളുപ്പത്തിൽ കാണാനും ലഭ്യമാകാനും കഴിയണമെന്നും, ആപ്പിന്റെ പ്രവർത്തനങ്ങൾ ഡിസേബിൾ ചെയ്യാൻ ഉപയോക്താക്കൾക്ക് കഴിയരുതെന്നും നിർദേശത്തിൽ പറയുന്നു. പ്രതിഷേധം ശക്തമായതിനു പിന്നാലെ, ആവശ്യമില്ലെങ്കിൽ ആപ്പ് ഡിലീറ്റ് ചെയ്യാൻ ഉപയോക്താവിന് കഴിയുമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു.
മോഷണം പോയതോ നഷ്ടപ്പെട്ടതോ ആയ ഉപകരണങ്ങൾ വീണ്ടെടുക്കുന്നതിനും സൈബർ തട്ടിപ്പുകൾക്കെതിരെ പോരാടുന്നതിനുമായാണ് സഞ്ചാർ സാഥി പദ്ധതി സർക്കാർ അവതരിപ്പിച്ചത്. ഇതുവരെ 7 ലക്ഷത്തിലധികം നഷ്ടപ്പെട്ട ഫോണുകൾ വീണ്ടെടുക്കാനും 3.7 ദശലക്ഷത്തിലധികം മോഷ്ടിച്ച ഉപകരണങ്ങൾ ബ്ലോക്ക് ചെയ്യാനും 30 ദശലക്ഷം തട്ടിപ്പ് കണക്ഷനുകൾ അവസാനിപ്പിക്കാനും ആപ്പ് സഹായിച്ചതായി സർക്കാർ അവകാശപ്പെടുന്നു.