02/03/2026
[fontresizer_tawhidurrahmandear_widget]

അധികാരം പിടിച്ചടക്കി അസിം മുനീര്‍, ഷഹബാസ് ശരീഫിനെ കാണാനില്ല; പാകിസ്താനില്‍ എന്തൊക്കെയാണീ നടക്കുന്നത്!

 അധികാരം പിടിച്ചടക്കി അസിം മുനീര്‍, ഷഹബാസ് ശരീഫിനെ കാണാനില്ല; പാകിസ്താനില്‍ എന്തൊക്കെയാണീ നടക്കുന്നത്!

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സിവിലിയൻ ഭരണകൂടവും സൈനിക നേതൃത്വവും തമ്മിലുള്ള ഏറ്റുമുട്ടലിന് സാധ്യതയേറിവരുന്നതായി റിപ്പോർട്ട്. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതിനിടെ, പ്രധാനമന്ത്രി ഷഹബാസ് ശരീഫിന്റെ അഭാവം പ്രതിരോധ മേഖലയിലെ നിർണ്ണായക നിയമനം വൈകിപ്പിക്കുകയാണ്. സൈനിക നേതൃത്വത്തിലെ സുപ്രധാന പദവിയായ ‘ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ്’ (CDF) സ്ഥാനത്തേക്കുള്ള ജനറൽ അസിം മുനീറിന്റെ നിയമനമാണ് ഇതോടെ അനിശ്ചിതത്വത്തിലായത്.

കരസേന, നാവികസേന, വ്യോമസേന എന്നിവയുടെയെല്ലാം കമാൻഡ് ഒരു ഓഫീസിലേക്ക് കേന്ദ്രീകരിക്കുന്ന പുതിയ സിഡിഎഫ് പദവി, രാജ്യത്ത് സിവിലിയൻ മേൽനോട്ടം കുറയ്ക്കുകയും സൈനിക സ്വാധീനം ദീർഘകാലത്തേക്ക് ഉറപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. ഈ നിയമനത്തിന്റെ ഔദ്യോഗിക വിജ്ഞാപനത്തിൽ ഒപ്പിടേണ്ട പ്രധാനമന്ത്രി ഷഹബാസ് ശരീഫ് പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുന്നത് പുതിയൊരു അധികാര തർക്കത്തിലേക്ക് വിരൽ ചൂണ്ടുന്നു. പ്രധാനമന്ത്രി മനഃപൂർവം ഫയൽ വൈകിപ്പിക്കുകയാണെന്നാണ് ചില റിപ്പോർട്ടുകൾ.

മുൻ പ്രധാനമന്ത്രി നവാസ് ശരീഫ്, സിവിലിയൻ അധികാരം കുറയ്ക്കുന്ന ഈ നിയമനം ഔപചാരികമായി അംഗീകരിക്കുന്നതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനാലാണ് ഈ താമസം എന്നും സൂചനകളുണ്ട്. എന്നാൽ പ്രധാനമന്ത്രിയുടെ ഈ ‘ഒഴിഞ്ഞുമാറൽ’ സൈനിക നേതൃത്വത്തെ പ്രകോപിപ്പിക്കുകയും, അതിനെ ഒരു അധികാരപരമായ വെല്ലുവിളിയായി സൈന്യം വ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്.

ഇതിനിടെ, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ എവിടെയെന്ന് ചോദ്യം ചെയ്ത് പിടിഐ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. റാവൽപിണ്ടിയിലും ഇസ്ലാമാബാദിലും പ്രതിഷേധം ആസൂത്രണം ചെയ്തതിനെ തുടർന്ന് ഇവിടെ ഡിസംബർ 3 വരെ സെക്ഷൻ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നിയമനത്തിലെ അനിശ്ചിതത്വം പാകിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരത കൂടുതൽ വഷളാക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

Also read: