‘യുഎസ്-ഇറാൻ യുദ്ധം പാകിസ്‌താന്റെ സാമ്പത്തിക പുരോഗതിയ്ക്ക് കടുത്ത പ്രഹരമായി’- ഷഹബാസ് ഷെരീഫ്
ഇസ്‌ലമാബാദ്: യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പാകിസ്താന്റെ സാമ്പത്തിക പുരോഗതിക്ക് കനത്ത ആഘാതമേൽപ്പിച്ചതായി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇസ്‌ലമാബാദിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഇരുപക്ഷങ്ങൾക്കുമിടയിലെ പിരിമുറുക്കം കുറയ്ക്കാനും പാകിസ്താൻ തുടർന്നും നയതന്ത്ര ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
യുഎസ്-ഇറാൻ പ്രതിസന്ധിയെത്തുടർന്ന് പാകിസ്താന്റെ എണ്ണ ഇറക്കുമതി ചെലവ് 300 മില്യൺ ഡോളറിൽ നിന്ന് 800 മില്യൺ ഡോളറായി കുതിച്ചുയർന്നു. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കടുത്ത സമ്മർദത്തിലാക്കിയതായും പെട്രോളിയം ഉപഭോഗത്തിൽ ഈ ആഴ്ച ഗണ്യമായ കുറവുണ്ടായതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ സാമ്പത്തിക സാഹചര്യം നിരീക്ഷിക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.
അതേസമയം, മേഖലയിൽ സമാധാനം ഉറപ്പാക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങൾ ഫലം കാണുന്നതായും ഷഹബാസ് ഷെരീഫ് അവകാശപ്പെട്ടു. ഏപ്രിൽ 11-ന് ഇസ്‌ലമാബാദിൽ വെച്ച് യുഎസും ഇറാനും തമ്മിൽ നടത്തിയ 21 മണിക്കൂർ നീണ്ട ചർച്ച നിർണായകമായ നയതന്ത്ര മുന്നേറ്റമാണ്. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ നീട്ടിയതായും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പാകിസ്താൻ സന്ദർശിച്ച് ചർച്ചകൾ നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഫീൽഡ് മാർഷൽ അസിം മുനീർ, വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ എന്നിവരുടെ നേതൃത്വത്തിലാണ് സമാധാന നീക്കങ്ങൾ ഏകോപിപ്പിക്കുന്നത്.