‘ദൃശ്യങ്ങൾ നശിപ്പിക്കുന്നത് എന്തിന്? ചീഫ് ജസ്റ്റിസിനെ മാറ്റിയതെന്തിന്?’; തെര. കമ്മീഷന്‍റെ നിഷ്പക്ഷതയില്‍ 3 ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയ്ക്കും നിഷ്പക്ഷതയ്ക്കുമെതിരെ ലോക്‌സഭയിൽ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സഭയിൽ നടന്ന ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിനെതിരെ മൂന്ന് നിർണായക ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയായ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കുന്ന പാനലില്‍നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ ഇരുത്താനുള്ള പണിയാണ് നരേന്ദ്ര മോദിയും അമിത് ഷായും ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാരിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും രാഹുൽ ഗാന്ധി ഉന്നയിച്ച മൂന്ന് പ്രധാന ചോദ്യങ്ങൾ ഇവയാണ്:
- ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് എന്തിന്? തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്ന ഉന്നതതല സമിതിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ (CJI) ഒഴിവാക്കിയത് എന്തിനാണ്? നിഷ്പക്ഷനായ ചീഫ് ജസ്റ്റിസിന് പകരം ഒരു കേന്ദ്രമന്ത്രിയെ സമിതിയിൽ ഉൾപ്പെടുത്തിയത് കമ്മീഷന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
- മുൻപില്ലാത്ത നിയമപരിരക്ഷ എന്തിന്? 2023 ഡിസംബറിൽ പാസാക്കിയ നിയമത്തിലൂടെ, തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് മുൻപില്ലാത്ത വിധത്തിലുള്ള നിയമപരിരക്ഷ (Legal Immunity) സർക്കാർ നൽകിയത് എന്തിനാണ്? ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ പേരിൽ സിവിൽ, ക്രിമിനൽ നടപടികളിൽ നിന്ന് അവർക്ക് സംരക്ഷണം നൽകുന്നത് സംശയകരമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
- സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കുന്നത് എന്തിന്? തെരഞ്ഞെടുപ്പ് കഴിഞ്ഞ് 45 ദിവസത്തിന് ശേഷം പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചു കളയുന്നത് എന്തിനാണ്? തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെ പരാതി (Election Petition) നൽകാനുള്ള സമയപരിധി കഴിയുന്നതോട് കൂടി നിർണായകമായ തെളിവുകൾ ഇല്ലാതാകുന്നത് സുതാര്യതയെ ബാധിക്കുമെന്ന് അദ്ദേഹം വാദിച്ചു.
ഇവിഎം മെഷീനുകൾ സുതാര്യമല്ലെന്നും രാജാവിന്റെ ആത്മാവ് ഇവിഎമ്മിലാണെന്നും രാഹുല്‍ ആവർത്തിച്ചു. രാഹുലിന്റെ ആരോപണങ്ങൾക്കെതിരെ ഭരണപക്ഷം സഭയിൽ ബഹളം വെച്ചു. ആരോപണങ്ങൾക്ക് തെളിവ് നൽകണമെന്ന് സ്പീക്കർ ഓം ബിർളയും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും ആവശ്യപ്പെട്ടു.