സമസ്ത ശതാബ്ദി സന്ദേശയാത്ര മലപ്പുറത്ത്; തിരൂരില്‍ രാജകീയ വരവേല്‍പ്പ്
തിരൂരില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ജിഫ്രി തങ്ങള്‍ സംസാരിക്കുന്നു
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന ‘ശതാബ്ദി സന്ദേശയാത്ര’യ്ക്ക് മലപ്പുറം ജില്ലയില്‍ രാജകീയ വരവേല്‍പ്പ്. ഇന്നു വൈകീട്ടോടെയാണ് യാത്ര ജില്ലയില്‍ പ്രവേശിച്ചത്. വൈകീട്ട് തിരൂരില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
സ്വീകരണ സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ മന്ത്രി വി. അബ്ദുറഹ്മാന്‍, അബ്ദുസ്സമദ് സമദാനി എം.പി, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങി പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.
സമൂഹത്തില്‍ സ്‌നേഹവും സമാധാനവും നിലനിര്‍ത്തുക എന്നതാണ് സമസ്തയുടെ ലക്ഷ്യമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സന്ദേശയാത്രയില്‍ ഓര്‍മിപ്പിച്ചു. സമസ്ത എന്നും നന്മയ്ക്ക് വേണ്ടിയാണ് നിലകൊണ്ടിട്ടുള്ളതെന്നും, സാങ്കേതികവിദ്യക്കോ പുരോഗതിക്കോ മതം എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ’ എന്ന പ്രമേയത്തില്‍ 2026 ഫെബ്രുവരിയില്‍ നടക്കുന്ന മഹാസമ്മേളനത്തിന്റെ സന്ദേശവുമായാണ് യാത്ര സംസ്ഥാനത്തെ 14 ജില്ലകളിലൂടെ കടന്നുപോകുന്നത്. ഡിസംബര്‍ 19-ന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച യാത്ര കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ഡിസംബര്‍ 29ന് മംഗലാപുരത്ത് സമാപിക്കും. വരും ദിവസങ്ങളില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യാത്രയ്ക്ക് വിപുലമായ സ്വീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.