സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് കോഴിക്കോട്ട് ഉജ്ജ്വല സ്വീകരണം
സമസ്ത സന്ദേശയാത്രയ്ക്ക് കോഴിക്കോട് മുതലക്കുളത്ത് നടന്ന സ്വീകരണത്തില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സംസാരിക്കുന്നു
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രയ്ക്ക് കോഴിക്കോട് നഗരത്തില്‍ വന്‍ വരവേല്‍പ്പ്. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന സ്വീകരണ മഹാസമ്മേളനം പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ മതേതര മനസ്സ് കാത്തുസൂക്ഷിക്കുന്നതിലും സമൂഹത്തിൽ സൗഹാർദം നിലനിർത്തുന്നതിലും സമസ്ത വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വടകര എംപി ഷാഫി പറമ്പിൽ, എംഎൽഎമാരായ കെ.ടി ജലീൽ, പി.ടി.എ റഹീം എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്ത് ആശംസകൾ നേർന്നു. ജാഥാ ക്യാപ്റ്റൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മറുപടി പ്രസംഗം നടത്തി. സമസ്തയുടെ ആദർശത്തിൽ ഉറച്ചുനിന്ന് മുന്നോട്ടുപോകാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‍ലിയാർ, മുക്കം ഉമര്‍ ഫൈസി തുടങ്ങിയ മുതിർന്ന നേതാക്കൾ ചടങ്ങിൽ സംസാരിച്ചു. ആയിരക്കണക്കിന് പ്രവർത്തകരാണ് ജാഥയെ വരവേൽക്കാൻ കോഴിക്കോട്ട് ഒത്തുചേർന്നത്.