28/03/2026
[fontresizer_tawhidurrahmandear_widget]

‘ഓപറേഷൻ സിന്ദൂർ സംഘർഷം തീർത്തത് ചൈന ‘: വാദത്തെ പിന്തുണച്ച് പാകിസ്ഥാനും; അവകാശവാദങ്ങള്‍ തള്ളി ഇന്ത്യ

 ‘ഓപറേഷൻ സിന്ദൂർ സംഘർഷം തീർത്തത് ചൈന ‘: വാദത്തെ പിന്തുണച്ച് പാകിസ്ഥാനും; അവകാശവാദങ്ങള്‍ തള്ളി ഇന്ത്യ

ന്യൂഡൽഹി/ഇസ്ലാമാബാദ്: കഴിഞ്ഞ വര്‍ഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുന്നതിൽ ചൈന മധ്യസ്ഥത വഹിച്ചെന്ന അവകാശവാദവുമായി പാകിസ്ഥാനും. ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കാൻ തങ്ങള്‍ ഇടപെട്ടെന്ന ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ പ്രസ്താവനയെ പിന്തുണച്ചാണ് പാകിസ്ഥാൻ രംഗത്തെത്തിയത്. എന്നാൽ, ഇന്ത്യ ഈ വാദം പൂർണമായും തള്ളിക്കളഞ്ഞു.

കഴിഞ്ഞ മെയ് 6 മുതൽ 10 വരെ നീണ്ടുനിന്ന സംഘർഷകാലയളവിൽ ചൈനീസ് നേതൃത്വം ഇന്ത്യയുമായും പാകിസ്ഥാനുമായും നിരന്തര സമ്പർക്കം പുലർത്തിയിരുന്നുവെന്ന് പാകിസ്ഥാൻ വിദേശകാര്യ വക്താവ് താഹിർ ആൻഡ്രാബി പറഞ്ഞു. സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള നയതന്ത്ര നീക്കമാണ് ചൈന നടത്തിയത്. മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിൽ ചൈന നിർണായക പങ്ക് വഹിച്ചുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.

ഇന്ത്യയുടെ മറുപടി: ‘ആരും ഇടപെട്ടിട്ടില്ല’

ചൈനയുടെയും പാകിസ്ഥാന്റെയും വാദങ്ങളെ ഇന്ത്യ തള്ളി. വെടിനിർത്തൽ എന്നത് ഇന്ത്യയുടെയും പാകിസ്ഥാന്റെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ (DGMO) തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളുടെ ഫലമാണെന്നും, അതിൽ മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. നേരത്തെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാനമായ അവകാശവാദവുമായി വന്നപ്പോഴും ഇന്ത്യ അത് നിഷേധിച്ചിരുന്നു.

2025 മെയ് 7-ന് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ മിന്നലാക്രമണമാണ് ‘ഓപറേഷൻ സിന്ദൂർ’. തുടർന്ന് 87 മണിക്കൂർ നീണ്ട പോരാട്ടമാണ് അതിർത്തിയിൽ നടന്നത്. ഈ സംഘർഷത്തിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ ഉപയോഗിച്ചത് ചൈനീസ് നിർമ്മിത ജെ-10 (J-10) യുദ്ധവിമാനങ്ങളും പിഎൽ-15 (PL-15) മിസൈലുകളുമാണ്. പാകിസ്ഥാന്റെ സൈനിക ഇറക്കുമതിയുടെ 81 ശതമാനവും ചൈനയിൽ നിന്നാണ്.

ഇന്ത്യൻ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള അതീവ രഹസ്യ വിവരങ്ങൾ ചൈന പാകിസ്ഥാന് ചോർത്തി നൽകിയതായി ലഫ്റ്റനന്റ് ജനറൽ രാഹുൽ ആർ. സിങ് നേരത്തെ ആരോപിച്ചിരുന്നു. ‘ഓപറേഷൻ സിന്ദൂർ’ സമയത്ത് ചൈന തങ്ങളുടെ ആയുധങ്ങൾ പരീക്ഷിക്കാനുള്ള ഒരു ‘ലൈവ് ലബോറട്ടറി’ ആയി യുദ്ധമുഖത്തെ മാറ്റുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 2024-ലെ അതിർത്തി കരാറിന് ശേഷം ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടുവരുന്നതിനിടെയാണ് പുതിയ തർക്കങ്ങൾ ഉടലെടുക്കുന്നത്.

Also read: