30/03/2026
[fontresizer_tawhidurrahmandear_widget]

‘ട്രംപിന് മോദിയാകാൻ കഴിയില്ല’; വെനസ്വേലയിൽ അമേരിക്കയ്ക്ക് കാലിടറുമെന്ന് ജിയോപൊളിറ്റിക്കൽ വിദഗ്ധന്‍ ഇയാൻ ബ്രെമ്മർ

 ‘ട്രംപിന് മോദിയാകാൻ കഴിയില്ല’; വെനസ്വേലയിൽ അമേരിക്കയ്ക്ക് കാലിടറുമെന്ന് ജിയോപൊളിറ്റിക്കൽ വിദഗ്ധന്‍ ഇയാൻ ബ്രെമ്മർ

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിദേശനയങ്ങൾക്കും തീരുമാനങ്ങൾക്കും ഹ്രസ്വായുസ്സ് മാത്രമേയുള്ളൂവെന്ന് പ്രമുഖ ജിയോപൊളിറ്റിക്കൽ വിദഗ്ദ്ധൻ ഇയാൻ ബ്രെമ്മർ. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ പുറത്താക്കിയ നടപടി അമേരിക്കയ്ക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യില്ലെന്ന് അദ്ദേഹം വിലയിരുത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള താരതമ്യത്തിലൂടെയാണ് അമേരിക്കൻ രാഷ്ട്രീയത്തിലെ അസ്ഥിരതയെ അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

പത്ത് വർഷത്തിലേറെയായി അധികാരത്തിൽ തുടരുകയും ജനങ്ങൾക്കിടയിൽ വമ്പിച്ച സ്വാധീനം ചെലുത്തുകയും ചെയ്യുന്ന നരേന്ദ്ര മോദിയെപ്പോലെയല്ല ഡൊണാൾഡ് ട്രംപ് എന്ന് ബ്രെമ്മർ പറഞ്ഞു. “ട്രംപിന് മോദിയെപ്പോലെ ജനപിന്തുണയില്ല. അദ്ദേഹത്തിന്റെ അധികാര കാലാവധി ഇനി മൂന്ന് വർഷം കൂടി മാത്രമേയുള്ളൂ. ചൈനയിലെ ഷി ജിൻപിങ്ങോ ഇന്ത്യയിലെ മോദിയോ നയിക്കുന്നതുപോലെയുള്ള തുടർച്ചയായ ഭരണം അമേരിക്കൻ ജനാധിപത്യത്തിൽ സാധ്യമല്ല,” ബ്രെമ്മർ പറഞ്ഞു.

അമേരിക്കയിൽ ഓരോ നാല് വർഷം കൂടുമ്പോഴും ഭരണനേതൃത്വം മാറുമ്പോൾ നയങ്ങളും അട്ടിമറിക്കപ്പെടുന്നു. മുൻഗാമിയുടെ പല തീരുമാനങ്ങളും ട്രംപ് റദ്ദാക്കിയത് പോലെ, 2029-ൽ അധികാരത്തിലെത്തുന്ന ട്രംപിന്റെ പിൻഗാമിയും അദ്ദേഹത്തിന്റെ നടപടികൾ തിരുത്തുമെന്ന് ബ്രെമ്മർ ഉറപ്പിച്ചു പറയുന്നു. ഇത് രാജ്യത്തിന്റെ ദീർഘകാല താൽപര്യങ്ങളെ ബാധിക്കും.

മദുറോയെ പുറത്താക്കി വെനസ്വേലയിലെ എണ്ണ സമ്പത്ത് കൈക്കലാക്കാമെന്ന അമേരിക്കയുടെ കണക്കുകൂട്ടലുകൾ പിഴയ്ക്കാനാണ് സാധ്യത. നിലവിൽ വെനസ്വേലയുടെ എണ്ണ ഉൽപാദനം പ്രതിദിനം എട്ട് ലക്ഷം ബാരലായി ചുരുങ്ങിയിരിക്കുകയാണ്. ഇത് പഴയതുപോലെ 30 ലക്ഷം ബാരലിലേക്ക് ഉയർത്തണമെങ്കിൽ രാജ്യത്ത് രാഷ്ട്രീയ സ്ഥിരത അനിവാര്യമാണ്.

ആഗോള എണ്ണക്കമ്പനികൾക്ക് നിക്ഷേപം നടത്താൻ വിശ്വാസയോഗ്യമായ അന്തരീക്ഷം വെനസ്വേലയിൽ ഉണ്ടാകണം. “എണ്ണക്കമ്പനികൾ ദീർഘകാല നിക്ഷേപ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. 2029-ന് ശേഷവും ട്രംപിന്റെ നയങ്ങൾ തുടരുമെന്ന് ഉറപ്പില്ലാത്തതിനാൽ, വെനസ്വേലയിൽ വലിയ മുതൽമുടക്കിന് അവർ തയ്യാറായേക്കില്ല,” ബ്രെമ്മർ ചൂണ്ടിക്കാട്ടി. വെനസ്വേലയിലെ എണ്ണ മുഴുവൻ അമേരിക്ക പിടിച്ചെടുക്കുമെന്ന പ്രചാരണങ്ങൾ അതിശയോക്തിപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: