‘അന്ന് ഗസ്നിയും ഔറംഗസേബും സോമനാഥ പുനര്‍നിര്‍മാണത്തെ എതിർത്തു; ഇന്നും അത്തരക്കാര്‍ വാളിന് പകരം ഗൂഢാലോചനയുമായി സജീവം’- പ്രധാനമന്ത്രി നരേന്ദ്ര മോദി
അഹമ്മദാബാദ്: സോമനാഥ ക്ഷേത്രത്തിന്റെ പുനർനിർമാണത്തെ എതിർത്ത ശക്തികൾ ഇന്നും രാജ്യത്ത് സജീവമാണെന്നും, രൂപം മാറി അവർ ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചനകൾ നടത്തുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ പ്രഭാസ് പഠാനിൽ നടന്ന ‘സോമനാഥ് ഗൗരവ് ഉത്സവി’നെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
”ഗസ്‌നി മുതൽ ഔറംഗസേബ് വരെയുള്ള മതമൗലികവാദികൾ വാളുകൊണ്ട് സോമനാഥത്തെ നശിപ്പിക്കാമെന്ന് കരുതി. എന്നാൽ, അത്തരം അടിച്ചമർത്തലുകൾക്ക് മുന്നിൽ ഭാരതത്തിന്റെ വിശ്വാസം തകർന്നില്ല. അധിനിവേശക്കാർ ഇന്ന് ചരിത്രത്തിന്റെ താളുകളിൽ മാത്രമായി ഒതുങ്ങിയപ്പോൾ, സോമനാഥ് ഇന്നും ഭാരതത്തിന്റെ ആത്മവീര്യത്തിന്റെ അടയാളമായി തലയുയർത്തി നിൽക്കുന്നു”-മോദി പറഞ്ഞു.
“നിർഭാഗ്യവശാൽ, മുന്‍പ് ക്ഷേത്രത്തിന്റെ പുനർനിർമാണത്തെ എതിർത്ത അതേ ശക്തികൾ ഇന്നും നമുക്കിടയിലുണ്ട്. ഇന്ന് അവരുടെ ആയുധം വാളുകളല്ല, മറിച്ച് ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനകളാണ്. രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഇത്തരം ശക്തികളെ പരാജയപ്പെടുത്താൻ നാം കൂടുതൽ ജാഗ്രത പാലിക്കണം.”-മോദി പറഞ്ഞു.
മുഗൾ കാലഘട്ടത്തിലെ അധിനിവേശങ്ങളെ വെറും കൊള്ളയായി ചിത്രീകരിച്ച് ചിലർ ചരിത്രത്തെ ലഘൂകരിക്കാൻ ശ്രമിച്ചു. മതഭ്രാന്തിനെ മറച്ചുവെക്കാനുള്ള ഇത്തരം ശ്രമങ്ങൾ കാരണം ഗസ്‌നിയുടെയും ഔറംഗസേബിന്റെയും ക്രൂരതകൾ യഥാർത്ഥ രീതിയിൽ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടില്ല. സർദാർ വല്ലഭായ് പട്ടേലിന്റെ നിശ്ചയദാർഢ്യമാണ് സോമനാഥ ക്ഷേത്രം യാഥാർത്ഥ്യമാക്കിയതെന്ന് മോദി കൂട്ടിച്ചേര്‍ത്തു.
ചടങ്ങിനുശേഷം ഗാന്ധിനഗറിൽ നടന്ന വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ 20-ാം വാർഷികാഘോഷത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. വികസനവും പൈതൃകവും ഒരുപോലെ കൊണ്ടുപോകുന്ന ഗുജറാത്ത് മാതൃക രാജ്യത്തിന് വഴികാട്ടിയാണെന്ന് മോദി പറഞ്ഞു.