01/04/2026
[fontresizer_tawhidurrahmandear_widget]

ഓർഡർ ചെയ്തത് ഗദ്ദാഫിയുടെ കാലത്ത്, കൈയിൽ കിട്ടിയത് 2026ൽ, യുദ്ധം ‘അതിജീവിച്ചെത്തിയ’ നോക്കിയ ഫോണുകള്‍

 ഓർഡർ ചെയ്തത് ഗദ്ദാഫിയുടെ കാലത്ത്, കൈയിൽ കിട്ടിയത് 2026ൽ, യുദ്ധം ‘അതിജീവിച്ചെത്തിയ’ നോക്കിയ ഫോണുകള്‍

ട്രിപ്പോളി: കാലവും സാങ്കേതികവിദ്യയും എന്തിന് ലോകം തന്നെ മാറിമറിഞ്ഞു. പക്ഷേ 16 വര്‍ഷം മുമ്പ് വഴിയില്‍ കുടുങ്ങിപ്പോയ ഫോണുകള്‍ ഒടുവില്‍ ലക്ഷ്യസ്ഥാനം കണ്ടു. ലിബിയയിലെ ട്രിപ്പോളിയിലുള്ള മൊബൈല്‍ ഷോപ്പ് ഉടമയ്ക്കാണ് 2010ല്‍ താന്‍ ഓര്‍ഡര്‍ ചെയ്ത നോക്കിയ ഫോണുകളുടെ സ്‌റ്റോക്ക് ഒന്നര പതിറ്റാണ്ടിന് ശേഷം കൈപ്പറ്റേണ്ടി വന്നത്.

2011ല്‍ ലിബിയയില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധവും തുടര്‍ന്നുണ്ടായ ഭരണപരമായ തകര്‍ച്ചയുമാണ് അവിശ്വസനീയമായ കാലതാമസത്തിന് കാരണമായത്. എന്നാല്‍ ട്വിസ്റ്റ് അത് മാത്രമല്ല. ഫോണുകള്‍ അയച്ച ഡീലറും അത് ലഭിക്കേണ്ട കടയുടമയും ട്രിപ്പോളിയില്‍ തന്നെ ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയാണ് താമസിക്കുന്നത്. എന്നിട്ടും ആഭ്യന്തര കലാപം മൂലം വെയര്‍ഹൗസുകള്‍ പൂട്ടിയതും ലോജിസ്റ്റിക് സംവിധാനങ്ങള്‍ തകര്‍ന്നതും കാരണം പാക്കേജ് 16 വര്‍ഷത്തോളം പൊടിപിടിച്ചു കിടക്കുകയായിരുന്നു.

ഇത് ഫോണോ അതോ ചരിത്രവസ്തുവോ? എന്നാണ് ഫോണുകള്‍ കൈയ്യില്‍ കിട്ടിയപ്പോള്‍ കടയുടമയുടെ ചോദ്യം. പഴയ മോഡല്‍ കീപാഡ് ഫോണുകള്‍ അണ്‍ബോക്‌സ് ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. നോക്കിയയുടെ അന്നത്തെ പ്രീമിയം മോഡലുകളായ മ്യൂസിക് എഡിഷന്‍, കമ്മ്യൂണിക്കേറ്റര്‍ എന്നിവ അടങ്ങുന്ന പെട്ടി തുറന്ന കടയുടമയ്ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. ‘ഇവ വില്‍ക്കാനുള്ള ഫോണുകളാണോ അതോ മ്യൂസിയത്തില്‍ വെക്കേണ്ട ചരിത്രവസ്തുക്കളാണോ?’ എന്നാണ് അദ്ദേഹം ചോദിച്ചത്.

അതേസമയം, യുദ്ധം രാജ്യത്തിന്റെ സാധാരണ ജീവിതത്തെയും വ്യാപാരത്തെയും എങ്ങനെ തകിടം മറിക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമായി സംഭവം വിലയിരുത്തപ്പെടുകയാണ്. എങ്കിലും അന്താരാഷ്ട്ര വിപണിയില്‍ ഇത്തരം വിന്റേജ് ഫോണുകള്‍ക്ക് വന്‍ ഡിമാന്‍ഡ് ഉള്ളതിനാല്‍ അന്ന് ലഭിക്കുമായിരുന്ന ലാഭത്തേക്കാള്‍ വലിയ തുക ഫോണുകളിലൂടെ ഉടമയ്ക്ക് ലഭിക്കുമെന്നാണ് സൈബര്‍ ലോകത്തെ വിലയിരുത്തല്‍.

Also read: