28/03/2026
[fontresizer_tawhidurrahmandear_widget]

‘ഒരാൾക്ക് ഒരു ലക്ഷം ഡോളര്‍’: ഗ്രീൻലാൻഡ് പൗരന്മാർക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് ട്രംപ്; വഴങ്ങിയില്ലെങ്കിൽ യുദ്ധം

 ‘ഒരാൾക്ക് ഒരു ലക്ഷം ഡോളര്‍’: ഗ്രീൻലാൻഡ് പൗരന്മാർക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് ട്രംപ്; വഴങ്ങിയില്ലെങ്കിൽ യുദ്ധം

വാഷിങ്ടൺ: ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കാൻ വിചിത്ര നീക്കങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡെൻമാർക്കിന്റെ അധീനതയിലുള്ള പ്രദേശം യുഎസിനോട് ചേർക്കാൻ ഓരോ ഗ്രീൻലാൻഡ് നിവാസിക്കും 10,000 ഡോളർ മുതൽ 1,00,000 ഡോളർ വരെ (ഏകദേശം 84 ലക്ഷം രൂപ വരെ) നൽകാനാണ് ട്രംപ് ഭരണകൂടം ആലോചിക്കുന്നത്.

ദേശീയ സുരക്ഷയുടെ ഭാഗമായാണ് ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രംപ് ലക്ഷ്യമിടുന്നത്. ആർട്ടിക് മേഖലയിൽ റഷ്യൻ, ചൈനീസ് കപ്പലുകളുടെ സാന്നിധ്യം വർധിക്കുന്നത് അമേരിക്കയ്ക്ക് ഭീഷണിയാണെന്നും ഗ്രീൻലാൻഡ് സംരക്ഷിക്കാൻ ഡെൻമാർക്കിന് ശേഷിയില്ലെന്നുമാണ് ട്രംപിന്റെ വാദം. ഏകദേശം 57,000 മാത്രം ജനസംഖ്യയുള്ള ഗ്രീൻലാൻഡ് ദ്വീപ് നിവാസികൾക്ക് പണം നൽകി വശത്താക്കുന്നതിലൂടെ 56 ബില്യൺ ഡോളറിന്റെ ചിലവാണ് കണക്കാക്കുന്നത്. അതേസമയം, നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടി ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പരിഗണനയിലുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ അമേരിക്കയുടെ ഈ നീക്കത്തിനെതിരെ ഗ്രീൻലാൻഡും ഡെൻമാർക്കും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ‘ഇനി ഇത്തരം ഭാവനകൾ മതി, ഗ്രീൻലാൻഡ് വിൽപ്പനയ്ക്കുള്ളതല്ല’ എന്ന് ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്‌ഫ്രെഡറിക് നീൽസൺ തുറന്നടിച്ചു. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാൻ അമേരിക്ക നടത്തിയ നീക്കങ്ങൾക്ക് പിന്നാലെ ഗ്രീൻലാൻഡിന് മേലുള്ള സമ്മർദ്ദം വർധിക്കുന്നത് ആഗോളതലത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. നാറ്റോ സഖ്യകക്ഷികൾക്കിടയിലും വിഷയം വലിയ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Also read: