01/08/2026
[fontresizer_tawhidurrahmandear_widget]

മദുറോ മോഡലിൽ ബൊളീവിയൻ മുൻ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോകാനുള്ള യുഎസ് നീക്കം പൊളിച്ച് ആദിവാസികളും തൊഴിലാളികളും; എയർപോർട്ട് കീഴടക്കി പ്രതിരോധം

 മദുറോ മോഡലിൽ ബൊളീവിയൻ മുൻ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോകാനുള്ള യുഎസ് നീക്കം പൊളിച്ച് ആദിവാസികളും തൊഴിലാളികളും; എയർപോർട്ട് കീഴടക്കി പ്രതിരോധം

കോച്ചബാംബ/ചിമോറെ: മുൻ ബൊളീവിയൻ പ്രസിഡന്റും സോഷ്യലിസ്റ്റ് നേതാവുമായ ഇവോ മൊറാലിസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളെത്തുടർന്ന് രാജ്യത്ത് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയും ആഭ്യന്തര അസ്വസ്ഥതകളും പുകയുന്നു. മൊറാലിസിനെ പിടികൂടാൻ അമേരിക്കയുടെ സഹായത്തോടെയുള്ള സൈനിക നീക്കം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് അനുയായികളായ ആദിവാസികളും തൊഴിലാളികളും കോച്ചബാംബ മേഖലയിലെ ചിമോറെ വിമാനത്താവളം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കി. റൺവേ അടക്കം ഉപരോധിച്ച പ്രതിഷേധക്കാർ വിമാനങ്ങൾ ഇറങ്ങുന്നത് തടഞ്ഞിരിക്കുകയാണ്. നൂറുകണക്കിന് ആദിവാസികൾ അദ്ദേഹത്തിന്റെ വസതിക്കും കാവലൊരുക്കിയിട്ടുണ്ട്.

അമേരിക്കൻ സൈന്യത്തിന്റെയും ബൊളീവിയൻ പൊലീസിന്റെയും സംയുക്ത നീക്കത്തിലൂടെ മൊറാലിസിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടക്കുന്നുണ്ടെന്ന രഹസ്യരേഖകൾ പുറത്തുവന്നതിനെത്തുടർന്നാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. വെനസ്വലൻ പ്രസിഡന്റ് ആയിരുന്ന നിക്കോളാസ് മദുറോയെ തട്ടിക്കൊണ്ടുപോയ മോഡൽ ആവർത്തിക്കാനായിരുന്നു യുഎസ് നീക്കം. എന്നാൽ, തദ്ദേശീയകരായ ആദിവാസി ജനവിഭാഗങ്ങളും തൊഴിലാളികളും ഉൾപ്പെടെ നൂറുകണക്കിന് പേർ തെരുവിലിറങ്ങി.

സൈന്യം ഹെലികോപ്ടറുകളിലും യുദ്ധവിമാനങ്ങളിലും ഇറങ്ങാനിരുന്ന വിമാനത്താവളത്തിന്റെ നിയന്ത്രണം ജനങ്ങൾ പിടിച്ചടക്കി. റൺവേയിൽ ഉൾപ്പെടെ നിലയുറപ്പിച്ചിരിക്കുകയാണ് ഇവർ. തങ്ങളുടെ അനിഷേധ്യനായ നേതാവിനെ സംരക്ഷിക്കാൻ സ്വന്തം ജീവൻ ബലിനൽകാനും തങ്ങൾ തയാറാണെന്നാണു പ്രതിഷേധക്കാർ പ്രഖ്യാപിച്ചത്. അതേസമയം, വിമാനത്താവള ഉപരോധവുമായി ബന്ധപ്പെട്ട് ഇതുവരെ 57 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മൊറാലിസിന്റെ ശക്തമായ സ്വാധീനമേഖലയായ കൊക്ക കർഷകർ അധിവസിക്കുന്ന ചപാരെയിൽ അദ്ദേഹത്തിന്റെ വസതിക്ക് ചുറ്റും ആയിരക്കണക്കിന് ഗ്രാമീണർ കാവൽ നിൽക്കുകയാണ്. വിദേശ ഇടപെടലുകൾക്കും രാഷ്ട്രീയ വേട്ടയാടലിനുമെതിരെയുള്ള പ്രതിരോധമായാണ് തങ്ങളുടെ പോരാട്ടമെന്ന് ഇവർ വ്യക്തമാക്കുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദുരുപയോഗം ചെയ്തു, മനുഷ്യക്കടത്ത് നടത്തി തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് മുൻ ഇടതുപക്ഷ നേതാവായ മൊറാലിസിനെതിരെ ചുമത്തിയിരിക്കുന്നത്. താരിജയിലെ കോടതിയിൽ വിചാരണയ്ക്കായി ഹാജരാകാൻ പലതവണ ആവശ്യപ്പെട്ടിട്ടും മൊറാലിസ് വിസമ്മതിച്ചതിനെത്തുടർന്നാണ് ജഡ്ജി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 2006 മുതൽ 2019 വരെ പ്രസിഡന്റായിരിക്കെ, 15 വയസ്സുള്ള പെൺകുട്ടിയെ ഗർഭിണിയാക്കിയെന്നും, ഇതിന് പകരമായി പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് സർക്കാർ പദവികളും ആനുകൂല്യങ്ങളും നൽകിയെന്നുമാണ് കേസ്.

എന്നാൽ, ഈ ആരോപണങ്ങൾ പൂർണമായും രാഷ്ട്രീയ പ്രേരിതമാണെന്ന് 66-കാരനായ മൊറാലിസ് വാദിക്കുന്നു. കോടതിയിൽനിന്ന് തനിക്ക് കൃത്യമായ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. കോടതിയെ അവഹേളിച്ചതിനും വാറന്റ് നിലനിൽക്കുന്നുണ്ട്. 2024 ഒക്ടോബറിൽ ഇദ്ദേഹത്തിനെതിരെ ആദ്യ വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും അനുയായികൾ റോഡുകൾ വ്യാപകമായി ഉപരോധിച്ചതിനാൽ അധികൃതർക്ക് ചപാരെയിലെ അദ്ദേഹത്തിന്റെ കോട്ടയിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. മൊറാലിസിനെ തൊട്ടാൽ രാജ്യത്ത് വലിയ രീതിയിലുള്ള ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുമെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ട്രേഡ് യൂണിയനുകളും ആദിവാസി സംഘടനകളും മുന്നറിയിപ്പ് നൽകുന്നു.

ബൊളീവിയയുടെ ചരിത്രത്തിലെ ആദ്യത്തെ തദ്ദേശീയ ആദിവാസി പ്രസിഡന്റായ ഇവോ മൊറാലിസ് ഇന്നും രാജ്യത്ത് വലിയ സ്വാധീനമുള്ള വ്യക്തിത്വമാണ്. ദാരിദ്ര്യ നിർമാർജ്ജനത്തിനും പാർശ്വവൽക്കരിക്കപ്പെട്ട ആദിവാസി സമൂഹങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനും അദ്ദേഹം ചെയ്ത സംഭാവനകളെ ഇന്നും ആ ജനങ്ങൾ നന്ദിയോടെ സ്മരിക്കുന്നു. എന്നാൽ, 2019-ൽ നടന്ന തെരഞ്ഞെടുപ്പ് വിവാദങ്ങളെത്തുടർന്ന് രാജ്യത്തുണ്ടായ വൻ പ്രതിഷേധത്തിനൊടുവിൽ അദ്ദേഹത്തിന് രാജിവെച്ച് രാജ്യം വിടേണ്ടി വന്നിരുന്നു. പിന്നീട് തിരികെ എത്തിയെങ്കിലും, നിലവിലെ പ്രസിഡന്റ് ലൂയിസ് ആർസെയുടെ സർക്കാരുമായി മൊറാലിസ് കടുത്ത രാഷ്ട്രീയ വൈരത്തിലാണ്. വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അദ്ദേഹത്തിന് കോടതി വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.

അതേസമയം, അമേരിക്കൻ സൈന്യത്തിന്റെ സഹായത്തോടെ മൊറാലിസിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയുണ്ടെന്ന ആരോപണം നിലവിലെ ബൊളീവിയൻ സർക്കാരും പ്രതിപക്ഷവും നിഷേധിച്ചു. ഇതൊരു സ്വാഭാവികമായ നിയമനടപടി മാത്രമാണെന്നാണ് സർക്കാരിന്റെ വാദം. കൊക്കെയ്ൻ ഉത്പാദനം തടയുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഏജൻസികളായ യു.എസ് ഡി.ഇ.എ പോലുള്ളവയുമായി ചില മേഖലകളിൽ സഹകരണമുണ്ടെങ്കിലും, ഒരു ആഭ്യന്തര കേസിൽ അറസ്റ്റ് ചെയ്യാൻ അമേരിക്കൻ സൈന്യം നേരിട്ടെത്തുമെന്ന വാദം യുക്തിരഹിതമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Also read: