‘ജൂതന്മാർ ഇനിയും ആധിപത്യം തുടർന്നാൽ സിനഗോഗിൽ ചെന്ന് മുഴുവൻ ജൂതന്മാരെയും വെടിവച്ചു കൊല്ലും’-ഭീഷണി മുഴക്കി യുഎസ് സൈനികൻ, അറസ്റ്റ്
വാഷിങ്ടൺ: അമേരിക്കയിലെ ജൂതസമൂഹത്തിനുനേരെ കൊലവിളിയുമായി യുഎസ് സൈനികൻ. ലൂസിയാനയിലെ ഫോർട്ട് പോൾക്ക് സൈനിക താവളത്തിൽ സേവനമനുഷ്ഠിക്കുന്ന 22 കാരനായ ജേക്കബ് മാർകൂലിയർ എന്ന സൈനികനാണ് ജൂത ദേവാലയം ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയത്. മെസേജിങ് പ്ലാറ്റ്ഫോമായ ഡിസ്‌കോർഡിലൂടെയാണ് ഇയാൾ കൊലവിളി നടത്തിയത്. സംഭവത്തിനു പിന്നാലെ സൈനികൻ അറസ്റ്റിലായിട്ടുണ്ട്.
ഫെബ്രുവരി മാസത്തിൽ എഫ്ബിഐയുടെ നാഷണൽ ത്രെറ്റ് ഓപറേഷൻസ് സെന്ററിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സിനഗോഗുകൾക്ക് നേരെ ആക്രമണം നടത്താൻ ഇയാൾ പദ്ധതിയിടുന്നതായി സൈബർ ലോകത്തുനിന്ന് വിവരങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് ഡിസ്‌കോർഡിൽ ഇയാൾ നടത്തിയ ഓഡിയോ സന്ദേശങ്ങൾ എഫ്ബിഐ ശേഖരിച്ചു.
‘നമ്മുടെ സർക്കാരിന് മേൽ ജൂതന്മാർ ഇനിയും ആധിപത്യം തുടർന്നാൽ, വിദേശത്തെ ഡ്യൂട്ടി കഴിഞ്ഞു തിരിച്ചെത്തിയാലുടൻ ഞാൻ സിനഗോഗിലേക്ക് എകെ തോക്കുമായി കയറിച്ചെല്ലും. അവിടെയുള്ള ഓരോ ജൂതനെയും കൊന്നൊടുക്കും. ഇതാണ് എന്റെ ജീവിതലക്ഷ്യം,’ എന്നായിരുന്നു ഓഡിയോയിലെ ഉള്ളടക്കം. 75 റൗണ്ട് വെടിയുണ്ടകൾ നിറയ്ക്കാവുന്ന ഡ്രം മാഗസിനും ബോഡി കവചങ്ങളും ഹെൽമറ്റും ധരിച്ച് സായുധനായി എത്തുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകിയിരുന്നു. വെളുത്ത വർഗക്കാരായ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കാൻ ഈ കൊലപാതകങ്ങൾ ആവശ്യമാണെന്നും സൈനികൻ വാദിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ലൂസിയാനയിലെ വെസ്റ്റേൺ ഡിസ്ട്രിക്റ്റിൽനിന്നുള്ള അധികൃതർ സൈനികനെ കസ്റ്റഡിയിലെടുത്തത്. അന്തർസംസ്ഥാന ആശയവിനിമയ മാർഗങ്ങളിലൂടെ ഭീഷണി സന്ദേശങ്ങൾ അയച്ചു എന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ, അമേരിക്കയിലുടനീളമുള്ള യഹൂദ ആരാധനാലയങ്ങളും സ്ഥാപനങ്ങളും അതീവ ജാഗ്രതയിലായിരുന്നു. ഫെബ്രുവരി 28-ന് നടന്ന ഇറാൻ യുദ്ധത്തിന് ശേഷം ജൂതവിരുദ്ധ ആക്രമണങ്ങൾ വർധിക്കാനുള്ള സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. യൂറോപ്പിലെ സിനഗോഗുകൾക്ക് നേരെയുണ്ടായ തീവെപ്പും കഴിഞ്ഞ മാസം ഡെട്രോയിറ്റിലുണ്ടായ ആക്രമണങ്ങളും ഈ ആശങ്ക വർധിപ്പിച്ചിരുന്നു.
സിനഗോഗുകൾക്കും ജൂത അമേരിക്കക്കാർക്കുമെതിരായ ഭീഷണികൾ ഓരോ പൗരനും വാഗ്ദാനം ചെയ്തിട്ടുള്ള മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് യുഎസ് അറ്റോർണി സക്കറി എ. കെല്ലർ പ്രസ്താവനയിൽ പറഞ്ഞു. മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ നിയമപാലകർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറ്റം തെളിയുകയാണെങ്കിൽ മാർകൂലിയർക്ക് അഞ്ച് വർഷം വരെ തടവും രണ്ടര ലക്ഷം ഡോളർ പിഴയും ലഭിക്കാൻ സാധ്യതയുണ്ട്. സൈനിക സേവനത്തിലിരിക്കുന്ന ഒരാളിൽനിന്ന് ഇത്തരമൊരു വംശീയവും അക്രമാസക്തവുമായ ഭീഷണി ഉണ്ടായത് പ്രതിരോധ വൃത്തങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഇയാൾക്ക് വിദ്വേഷ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. താൻ ചെയ്യുന്ന കാര്യങ്ങൾ ലോകം വാർത്തകളിലൂടെ കാണുമെന്ന് മറ്റ് അംഗങ്ങളോട് ഡിസ്‌കോർഡിലൂടെ ഇയാൾ വെല്ലുവിളിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ ആഭ്യന്തര സുരക്ഷയും മതസൗഹാർദവും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.