പൊന്നിന് തീവില: ഇന്നലെ കുറഞ്ഞത് ഇന്ന് തിരിച്ചുകയറി; പവന് 1,16,320 രൂപ
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്നലെ രേഖപ്പെടുത്തിയ വൻ ഇടിവിന് പിന്നാലെ ഇന്ന് പവന് 1080 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,320 രൂപയായി. ഗ്രാമിന് 135 രൂപ വർധിച്ച് 14,540 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഇന്നലെ സ്വർണവിലയിൽ അസാധാരണമായ മാറ്റങ്ങളാണ് വിപണി സാക്ഷ്യം വഹിച്ചത്. രാവിലെ പവന് 3,960 രൂപ വർധിച്ച് 1,17,000 കടന്ന് റെക്കോർഡ് ഇട്ടെങ്കിലും, ഉച്ചയോടെ 1,880 രൂപ കുറയുകയായിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ പവൻ വിലയിൽ 17,000 രൂപയിലധികം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് കേരളത്തിൽ സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്.
അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഗ്രീൻലാൻഡിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടത്തിയ പ്രഖ്യാപനങ്ങളാണ് നിലവിലെ വിപണിയിലെ പ്രധാന ചർച്ചാവിഷയം. അമേരിക്കയുടെ നിലപാടിനെ എതിർക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ കൂടുതൽ തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രസ്താവന ആഗോള വിപണിയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ എത്തിയതാണ് വില ഉയർന്നുനിൽക്കാൻ കാരണമാകുന്നത്.