27/01/2026

‘തമിഴ്നാട്ടില്‍ ഹിന്ദിക്ക് സ്ഥാനമില്ല; അന്നും ഇന്നും എന്നും’; തമിഴ് വികാരം ഒരിക്കലും മരിക്കില്ലെന്ന് സ്റ്റാലിന്‍

 ‘തമിഴ്നാട്ടില്‍ ഹിന്ദിക്ക് സ്ഥാനമില്ല; അന്നും ഇന്നും എന്നും’; തമിഴ് വികാരം ഒരിക്കലും മരിക്കില്ലെന്ന് സ്റ്റാലിന്‍

എം.കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദിക്ക് ഇന്നലെകളിലോ ഇന്നോ നാളെയോ സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഭാഷാ രക്തസാക്ഷി ദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ പോരാടി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികള്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു.

‘ഹിന്ദിക്ക് ഇവിടെ സ്ഥാനമില്ല, അന്നും ഇന്നും എന്നും,’ സ്റ്റാലിന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഭാഷാ സമരത്തില്‍ ഇനിയൊരു ജീവന്‍ കൂടി നഷ്ടപ്പെടാന്‍ അനുവദിക്കില്ല. തമിഴ് വികാരം ഒരിക്കലും മരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്നാട് എക്കാലവും ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെന്നൈയിലെ ഭാഷാ രക്തസാക്ഷി മണ്ഡപത്തില്‍, ഹിന്ദി വിരുദ്ധ സമരത്തില്‍ ജീവന്‍ വെടിഞ്ഞ താലമുത്തു, നടരാജന്‍ എന്നിവരുടെ സ്മരണാര്‍ത്ഥം സ്റ്റാലിന്‍ പുഷ്പാര്‍ച്ചന നടത്തി. കൂടാതെ, ചെന്നൈ മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റി കെട്ടിടത്തില്‍ ഇവരുടെ പ്രതിമകളും അദ്ദേഹം അനാച്ഛാദനം ചെയ്തു.

കേന്ദ്രസര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ഡിഎംകെ ആരോപിച്ചു. തമിഴ്നാട് ദ്വിഭാഷാ നയം തുടരുമെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പോരാട്ടം തുടരുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

ഭാഷാ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസാമിയും തമിഴക വെട്രി കഴകം നേതാവ് വിജയും രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. തമിഴ് ഭാഷ നമ്മുടെ ജീവന് തുല്യമാണെന്ന് പളനിസാമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

1937-40 കാലഘട്ടത്തിലും 1965-ലും നടന്ന ഹിന്ദി വിരുദ്ധ സമരങ്ങളില്‍ ജീവന്‍ വെടിഞ്ഞവരെ സ്മരിക്കുന്നതിനാണ് ജനുവരി 25 ഭാഷാ രക്തസാക്ഷി ദിനമായി ആചരിക്കുന്നത്.

Also read: