‘ബിഹാറിലെ കാറ്റ് തമിഴ്‌നാട്ടിലും എത്തിക്കഴിഞ്ഞു’ കോയമ്പത്തൂരില്‍ കര്‍ഷക സമ്മേളനത്തില്‍ മോദി
കോയമ്പത്തൂർ: ബിഹാറിലെ കാറ്റ് തമിഴ്‌നാട്ടിലും എത്തിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പ് വിജയം സൂചിപ്പിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. കോയമ്പത്തൂരിൽ കർഷകരുടെയും തുണിത്തൊഴിലാളികളുടെയും സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാകാത്ത ബിജെപി, എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ പിന്തുണയോടെ സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള കഠിനശ്രമത്തിലാണ്. അടുത്ത വര്‍ഷം തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കൂടി ഉന്നമിട്ടായിരുന്നു മോദിയുടെ പ്രസംഗം.
ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്തുകൊണ്ട്, ഒന്‍പത് കോടി കർഷകർക്ക് വേണ്ടി 18,000 കോടി രൂപയുടെ പിഎം കിസാൻ പദ്ധതിയുടെ 21-ാം ഗഡു മോദി പുറത്തിറക്കി. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം മണ്ണിന്റെ കരുത്ത് കുറയ്ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകൃതി കൃഷി ഇന്ത്യയുടെ ഭാവിയാണെന്നും, പഞ്ചഗവ്യം, ജീവാമൃതം പോലുള്ള തദ്ദേശീയ രീതികൾ ദക്ഷിണേന്ത്യയിൽ വേഗത്തിൽ വ്യാപിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
എൻജിനീയറിങ്, പിഎച്ച്ഡി പഠനം പൂർത്തിയാക്കി കൃഷിയിലേക്ക് തിരിഞ്ഞ യുവാക്കളെയും, നാസ വിട്ട് നാട്ടിലേക്ക് മടങ്ങി കൃഷി ചെയ്യുന്നവരെയും അദ്ദേഹം അഭിനന്ദിച്ചു. ഇവിടെ വന്നില്ലെങ്കിൽ എൻ്റെ ജീവിതത്തിൽ ഒരു വലിയ അനുഭവം നഷ്ടമാകുമായിരുന്നുവെന്ന് മോദി പറഞ്ഞു.
രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ കോയമ്പത്തൂരിനുള്ള പ്രധാന പങ്ക് മോദി എടുത്തുപറഞ്ഞു. ഈ മേഖലയിൽ നിന്നുള്ള സി.പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായതോടെ കോയമ്പത്തൂരിൻ്റെ സംഭാവന ഇനിയും വർധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.