02/06/2026
[fontresizer_tawhidurrahmandear_widget]

മോദിക്ക് ട്രംപിനെ പേടിയെന്ന് പ്രതിപക്ഷ നേതാവ്, പിണറായിക്ക് ഇഡിയെ പേടിയെന്ന് ബിജെപി എംഎൽഎ; സഭയിൽ പോര്

 മോദിക്ക് ട്രംപിനെ പേടിയെന്ന് പ്രതിപക്ഷ നേതാവ്, പിണറായിക്ക് ഇഡിയെ പേടിയെന്ന് ബിജെപി എംഎൽഎ; സഭയിൽ പോര്

ബി.ബി.ഗോപകുമാർ, പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ ബിജെപി എംഎൽഎയ്ക്ക് സംസാരിക്കാൻ അനുമതി നൽകിയതിനെച്ചൊല്ലി തർക്കവും ബഹളവും. പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് കെ.രാജൻ വാക്കൗട്ട് പ്രസംഗം നടത്തിയതിന് പിന്നാലെയാണ് ബിജെപി അംഗം ബി.ബി.ഗോപകുമാർ സംസാരിക്കാൻ എഴുന്നേറ്റത്.

അടിയന്തര പ്രമേയത്തിൽ ഒപ്പിട്ടവർക്ക് മാത്രമാണ് വാക്കൗട്ടിൽ സംസാരിക്കാൻ അനുമതിയുള്ളതെങ്കിലും പുതിയ അംഗം എന്ന പരിഗണനയിൽ പറയാനുള്ള കാര്യം ചുരുക്കി പറയാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സാവകാശം നൽകി. ഇതൊരു കീഴ്‌വഴക്കമായി മാറരുതെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടപ്പോൾ അങ്ങനെ ആകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.

തുടർന്ന് സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മോദിയെ വിമർശിച്ചതിന് ബിജെപി എംഎൽഎ ശക്തമായ മറുപടി നൽകി. ഇന്ധന വില വർധനവുമായി ബന്ധപ്പെട്ട് പിണറായി വിജയൻ മോദിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. “ഇന്ത്യ നേരത്തെ റഷ്യയിൽനിന്നും വെനസ്വേലയിൽനിന്നും കുറഞ്ഞ വിലക്ക് എണ്ണ വാങ്ങിയിരുന്നു. അമേരിക്കയ്ക്കും ട്രംപിനും ഇഷ്ടമല്ല എന്നത്കൊണ്ട് അത് നിർത്തിവെച്ചു. 40 ശതമാനം ഡിസ്കൗണ്ട് ഉണ്ടായിരുന്നു റഷ്യയിലെ എണ്ണക്ക്. യുഎസ് താത്പര്യത്തിന് വേണ്ടി ട്രംപ് കൽപിച്ചപ്പോൾ എൻഡിഎ സർക്കാർ കീഴടങ്ങി” എന്നായിരുന്നു പിണറായിയുടെ വിമർശനം.

എന്നാൽ, മോദി ആർക്ക് മുന്നിലും തല കുനിക്കില്ലെന്ന് പറഞ്ഞ ബിജെപി എംഎൽഎ, പിണറായി വിജയന് ഇഡിയെ പേടിയാണെന്നും തിരിച്ചടിച്ചു. “ഇഡിയെ പേടിക്കുന്ന പ്രതിപക്ഷ നേതാവിനെ പോലെയല്ല മോദി. ട്രംപല്ല ലോകത്തിലെ ഏത് നേതാവിന്റെ മുന്നിലും ഭാരതത്തിന്റെ നിലപാട് പറയാൻ കരുത്തുള്ള പ്രധാനമന്ത്രിയാണ് മോദി” എന്ന് ഗോപകുമാർ പറഞ്ഞതോടെ എൽഡിഎഫ് എംഎൽഎമാർ സഭയിൽ കനത്ത ബഹളംവെച്ചു. ആദ്യ പ്രസംഗമല്ലേയെന്നും പുതിയ അംഗം എന്ന നിലയിലാണ് സാവകാശം നൽകിയതെന്നും സ്പീക്കർ ആവർത്തിച്ചു വ്യക്തമാക്കിയതോടെയാണ് എൽഡിഎഫ് എംഎൽഎമാർ സീറ്റുകളിലേക്ക് തിരിച്ചെത്തിയത്.

ഇതോടെ പ്രതിപക്ഷ നേതാവ് ഇടപെട്ടു. “സ്‌പീക്കറുടെ ഉദാരമനസ്കതയാണ് ഇവിടെ പ്രകടമായതെന്ന് തോന്നുന്നു. എന്നാൽ സഭയുടെ ചട്ടങ്ങളിൽനിന്നുള്ള വ്യതിയാനമാണിത്” എന്ന് പിണറായി ചൂണ്ടിക്കാട്ടി. വാക്കൗട്ട് പ്രസംഗത്തിന് ശേഷം പുതിയ അംഗത്തോട് ഉദാരമനസ്‌കത കാണിക്കാമായിരുന്നുവെന്നും ചട്ടംലംഘിച്ച് വേണ്ടിയിരുന്നില്ലെന്നും ഇത് കീഴ്‌വഴക്കം ആകരുതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എംഎൽഎ ആദ്യമായി സഭയിൽ വന്ന് പ്രസംഗിക്കുമ്പോൾ ഇടപെടൽ നടത്തി നിർത്തിവെപ്പിക്കാൻ തന്റെ പാരമ്പര്യം അനുവദിച്ചില്ലെന്നും സ്പീക്കർ പിന്നീട് വിശദീകരിച്ചു.

Also read: